രവീന്ദ്ര ജഡേജയുടെ പരിക്ക്; രവി ശാസ്ത്രി പറഞ്ഞത് വാസ്തവ വിരുദ്ധം

മെല്‍ബണ്‍: ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കാത്തതിനെ ചൊല്ലി വിവാദം. ക്യാപ്റ്റനും പരിശീലകനും രണ്ടു തരത്തില്‍ മാധ്യമങ്ങളോട് പരാമര്‍ശം നടത്തിയെന്നതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനൊരുങ്ങുന്നതിനിടെ. പെര്‍ത്ത് പിച്ച് പേസര്‍മാരെ കൂടുതല്‍ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്പിന്നറെ കളിപ്പിക്കാത്തതെന്ന് കൊഹ്‌ലിയും അതല്ല പരിക്കാണ് കാരണമെന്നാണ് ശാസ്ത്രിയും, ഇരുവരും പരസ്പര ബന്ധമില്ലാത്ത കാരണങ്ങള്‍ പറഞ്ഞതാണ് പ്രശ്‌നമായിരിക്കുന്നത്.

ജഡേജ 20 ഓവര്‍ പകരക്കാരന്‍ ഫീല്‍ഡറായി കളത്തില്‍ ഇറങ്ങിയിരുന്നു. മാത്രമല്ല, ബിസിസിഐ മാധ്യമങ്ങള്‍ക്ക് അയച്ച കുറിപ്പില്‍ ജഡേജയ്ക്ക് പരിക്കുണ്ടെന്ന് സൂചിപ്പിക്കുന്നുമില്ല. അതേസമയം, മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ ജഡേജ കളിക്കുമെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കിക്കഴിഞ്ഞു. ടീമില്‍നിന്നും പോകുന്നതുവരെ ജഡേജ ശാരീരികക്ഷമതയുള്ള കളിക്കാരനായിരുന്നുവെന്നാണ് രഞ്ജിട്രോഫി സൗരാഷ്ട്ര ടീമിന്റെ പരിശീലകന്‍ സീതാംശു കൊട്ടക്ക് പറയുന്നത്. നാട്ടില്‍വെച്ചുതന്നെ ജഡേജ പരിക്കിനെ തുടര്‍ന്ന് കുത്തിവെയ്പ് എടുത്തിരുന്നെന്ന ശാസ്ത്രിയുടെ വാദത്തിന് വിരുദ്ധമാണിത്.

രഞ്ജിയില്‍ റെയില്‍വേക്കെതിരെ നാലുദിവസമാണ് ജഡേജ കളിച്ചത്. ഒരു സെഞ്ച്വറിയും നേടിയിരുന്നു. അപ്പോഴൊന്നും പരിക്കിന്റെ യാതൊരു സൂചനയും താരത്തിന് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കുണ്ടായിരുന്നെങ്കില്‍ എന്തിന് ടീമില്‍ എടുത്തു എന്ന ചോദ്യവും ഉയരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ ജഡേജയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതുസംബന്ധിച്ച വിവാദം കൂടുതല്‍ പ്രശ്‌നത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Top