ഇടുക്കി: ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം. വില്ലേജ് അടിസ്ഥാനത്തില്‍ ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കി പട്ടയം റദ്ദ് ചെയ്തതിനുശേഷമാകും പുതിയ പട്ടയം നല്‍കുക. ആദ്യ ഹിയറിങ് മാര്‍ച്ച് അഞ്ചിന് ദേവികുളത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കും.
ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലായി ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന എം.ഐ രവീന്ദ്രന്‍ നല്‍കിയ 530 പട്ടയങ്ങള്‍ റദ്ദാക്കാന്‍ ജനുവരി 18നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍നടപടികള്‍ക്കായി നാല്‍പ്പതിലധികം ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പട്ടയം ലഭിച്ചവര്‍ക്കും ഇപ്പോള്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും നോട്ടീസ് നല്‍കും.
മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍ എന്നീ മൂന്ന് വില്ലേജുകളിലായി 91 പേര്‍ക്കാണ് ആദ്യം നോട്ടീസ് നല്‍കുക. മതിയായ രേഖകളുമായി ഭൂവുടമകള്‍ ദേവികുളം ആര്‍.ഡി.ഒ ഓഫീസിലാണ് ഹാജരാകേണ്ടത്. ഇതിനുശേഷം മറ്റ് വില്ലേജുകളിലുള്ളവര്‍ക്കും നോട്ടീസ് നല്‍കും.
ഒന്‍പത് വില്ലേജുകളിലും ഇപ്പോള്‍ ഭൂമി കൈവശം വച്ചവരുടെ വിവരം റവന്യൂ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശിവന്‍ നല്‍കിയ ഹരജിയില്‍ മാര്‍ച്ച് എട്ടുവരെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.