കട്ടപ്പന: ദേവികുളം താലൂക്കിലും കണ്ണൻദേവൻ ഹിൽസ് പ്രദേശങ്ങളിലും നൽകിയിട്ടുള്ള രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടി തുടങ്ങി. 45 ദിവസത്തിനകം പട്ടയങ്ങൾ റദ്ദാക്കണമെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവിറക്കിയിരിക്കുന്നത്.
ഇതിനായി 41 റവന്യൂ ജീവനക്കാരെയും കൂടുതലായി നിയമിച്ചു. 13 ഡപ്യൂട്ടി കളക്ടർമാരെയും 13 വില്ലേജ് ഓഫീസർമാരെയും 15 ക്ലർക്കുമാരെയുമാണ് നിയമിച്ചിരിക്കുന്നത്. കൂടുതൽ ജോലിക്കാരും തിരുവനന്തപുരം, കാസർഗോഡ്, ആലപ്പുഴ, കോട്ടയം, ജില്ലകളിൽ നിന്നുള്ളവരാണ്.
ഇടുക്കി ജില്ലയിൽ ജോലി ചെയ്തിട്ടില്ലാത്തവരാണ് കൂടുതൽപേരും. അതിനാൽതന്നെ ഇവിടുത്തെ ഭൂമിയുടെ പ്രത്യേകതകൾ മനസിലാക്കി 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാനുള്ള നീക്കം വ്യാപകമായ പരാതികൾക്ക് ഇടയാക്കിയേക്കും.
ജനുവരി 18നാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 530 പട്ടയങ്ങളാണ് റദ്ദാക്കിയത്. ഇതിൽ സിപിഎം പാർട്ടി ഓഫീസും ഉൾപ്പെടും. 1964ലെ ഭൂപതിവു ചട്ടങ്ങളിലെയും 1977ലെ കണ്ണൻദേവൻ ഹിൽസ് ചട്ടങ്ങളിലെയും ലംഘനം ചൂണ്ടിക്കാട്ടിയാണ് പട്ടയങ്ങൾ റദ്ദാക്കിയത്.