മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും. ബിസിസിഐ ആസ്ഥാനത്തില്‍ കപില്‍ ദേവ് അധ്യക്ഷനായ സമിതിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2021 ഐസിസി ടി20 ലോകകപ്പ് വരെ രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചായി തുടരും. മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്വാദ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.
മുന്‍ ന്യൂസിലാന്‍ഡ് കോച്ച് മൈക്ക് ഹെസന്‍, മുന്‍ സണ്‍റൈസേഴ്സ് പരിശീലകന്‍ ടോം മൂഡി എന്നിവരെ പിന്നിലാക്കിയാണ് രവി ശാസ്ത്രി വീണ്ടും പരിശീലകസ്ഥാനം സ്വന്തമാക്കിയത്.
മുന്‍ അഫ്ഗാനിസ്താന്‍ പരിശീലകനും വിന്‍ഡീസ് താരവുമായിരുന്ന ഫില്‍ സിമ്മണ്‍സ് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയിരുന്നു.
പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കവെ രവി ശാസ്ത്രി തന്നെ തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2017 ല്‍ അനില്‍ കുംബ്ലെയ്ക്ക് പകരക്കാരനായാണ് രവി ശാസ്ത്രി ഇന്ത്യന്‍ മുഖ്യപരിശീലകസ്ഥാനം ഏറ്റെടുത്തത്. നേരത്തെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുന്‍പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രവി ശാസ്ത്രിയെ പിന്തുണച്ചിരുന്നു.