ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി പരിശീലകന്‍ രവി ശാസ്ത്രി. റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും ധോണി എവിടേയ്ക്കും പോകുന്നില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോള്‍ അംപയറുടെ കയ്യില്‍ നിന്ന് പന്ത് ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വിരമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
എന്നാല്‍ അത് ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിനെ കാണിക്കുന്നതിനു വേണ്ടിയാണ് ധോണി പന്ത് ചോദിച്ചു വാങ്ങിയതെന്നും, മത്സരത്തിനുശേഷം പന്തില്‍ സംഭവിച്ചിരിക്കുന്ന വ്യതിയാനം മനസിലാക്കുന്നതിനായിരുന്നു ഇതെന്നും രവി ശാസ്ത്രി ന്യായീകരിച്ചു.
2014-ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ടില്‍നിന്ന് സ്റ്റംപുകളെടുത്തിരുന്നു. തൊട്ടുപിന്നാലെ താരം ടെസ്റ്റില്‍നിന്ന് വിരമിക്കുകയും ചെയ്തു.