ന്യൂഡൽഹി : അമര്‍നാഥിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍ സ്വന്തം സുരക്ഷയെകരുതി യാത്ര അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ സന്നദ്ധരാവണമെന്ന് ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകനും അമര്‍നാഥ് ക്ഷേത്രംബോര്‍ഡ് അംഗവുംകൂടിയായ ശ്രീ ശ്രീ രവിശങ്കര്‍.
ഈയ്യിടെ ഉണ്ടായ അത്യാഹിതങ്ങളുടെ പശ്ചാത്തലത്തിലാണ് അമര്‍നാഥ് യാത്രക്കൊരുങ്ങുന്ന ഭക്തജനങ്ങള്‍ക്കായി ഇത്തരത്തിലൊരു പ്രസ്താവനയുമായി ശ്രീശ്രീരവിശങ്കര്‍ രംഗത്തെത്തിയത്.
കനത്ത മഴയും മണ്ണിടിച്ചലും കാരണം അങ്ങോട്ടുള്ള രണ്ടു മാര്‍ഗ്ഗങ്ങളും, വിശുദ്ധ ഗുഹയിലേക്കുള്ള വഴിയും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്ര അതീവ ദുഷ്‌കരമാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
അമര്‍നാഥ് ക്ഷേത്രം ബോര്‍ഡ് ഗവര്‍ണ്ണര്‍ എന്‍ .എന്‍ പോറ്റിയുടെയും സൈനികരുടെയും ,ബോര്‍ഡര്‍സെക്യൂരിറ്റി ഫോഴ്‌സിന്റെയും നിതാന്ത ജാഗ്രതയും തീവ്രപ്രയത്‌നങ്ങളും നടക്കുന്നുണ്ടെന്നത് ഏറെ ആശ്വാസകരമാണെങ്കിലും സമീപഭാവിയില്‍ത്തന്നെ അവിടുത്തെ റോഡുകള്‍ സഞ്ചാര യോഗ്യങ്ങളാകാനുള്ള സാധ്യത നന്നേകുറവാണെന്നും ശ്രീശ്രീ അഭിപ്രായപ്പെട്ടു.
അമര്‍നാഥില്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞവര്‍ അതിയായ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്രപോകാന്‍ തീരുമാനിച്ചവര്‍ യാത്രാ പരിപാടികളെക്കുറിച്ച് ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടതാണ്. യാത്രക്കൊരുങ്ങിയവര്‍ ഇപ്പോള്‍ എവിടെയുണ്ടോ അവിടേക്ക് ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ‘ഭോലാനാഥിന്റെ’ സാന്നിദ്ധ്യം അനുഭവിച്ചറിയാണ് ശ്രമിക്കുന്നതാവും കൂടുതല്‍ അഭികാമ്യമെന്നും ശ്രീശ്രീരവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.