കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി രംഗത്ത്.
രണ്ട് തവണ ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടിത്തന്ന ക്യാപ്ടനെ വിമശിക്കുന്നവര്‍ കഴിഞ്ഞ് പോയ കാലങ്ങളിലെ പ്രകടനം സ്വയം വിലയിരുത്തണം എന്ന് രവി ശാസ്ത്രി പറഞ്ഞു.
‘വിക്കറ്റിന് പിറകില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു താരവും ഇതു വരെ ടീമില്‍ ഉണ്ടായിട്ടില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. മുന്‍ കാലങ്ങളില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലുമുള്ള അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റി-20യില്‍ നിന്നും ധോണി മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളായ അജിത് അഗാക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടി ക്രിക്കറ്റില്‍ ധോണിയുടെ സമീപനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗാംഗുലി രംഗത്തെത്തിയിരുന്നു.
ഏകദിന മത്സരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ട്വന്റി-20യിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്. കുറച്ചുകൂടി വ്യത്യസ്തമായ രീതിയില്‍ ട്വന്റി-20 മത്സരങ്ങളെ സമീപിച്ചാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞിരുന്നു.