അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇത്തവണ പുതിയൊരു ടീം കിരീടം നേടുമെന്ന സൂചനയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഡല്‍ഹി ക്യാപിറ്റല്‍സ് ത്രില്ലര്‍ പോരാട്ടത്തിനുശേഷമാണ് ഐപിഎല്ലില്‍ ഇത്തവണ പുതിയൊരു വിജയിയെ കാണാനുള്ള സാധ്യകള്‍ ശാസ്ത്രി പ്രവചിച്ചത്.
ആവേശപ്പോരാട്ടത്തില്‍ അവസാന പന്തിലാണ് ഡല്‍ഹിക്കെതിരെ ബാംഗ്ലൂര്‍ ഒരു റണ്ണിന്റെ ജയം സ്വന്തമാക്കിയത്. ഐപിഎല്ലില്‍ പുതിയ വിജയിക്കുള്ള വിത്തുകള്‍ വിതച്ചു കഴിഞ്ഞുവെന്നായിരുന്നു കോലിയുടെയും റിഷഭ് പന്തിന്റെയും ചിത്രം പങ്കുവെച്ച് മത്സരശേഷം ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്.
ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമുകളാണ് ബാംഗ്ലൂരും ഡല്‍ഹിയും. സീസണില്‍ ആറ് കളികളില്‍ അഞ്ചും ജയിച്ച് ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആറ് കളികളില്‍ നാല് ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാം സ്ഥാനത്താണ്.
ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മുഹമ്മദ് സിറാജെറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ ആറ് റണ്‍സും. എന്നാല്‍ അവസാന പന്ത് റിഷഭ് പന്ത് ബൗണ്ടറി നേടിയെങ്കിലും ഡല്‍ഹി ഒരു റണ്ണിന് തോറ്റു.