മുംബൈ : ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ടോപ് ഓര്‍ഡറില്‍ ഇടം കൈയന്‍മാരുടെ പ്രാധാന്യം വീണ്ടും ഊന്നി പറഞ്ഞ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ലോകകപ്പ് ടീമിലെ ടോപ് ഓര്‍ഡറില്‍ ആദ്യ ഏഴ് പേരില്‍ മൂന്ന് ഇടം കൈയന്‍ ബാറ്റര്‍മാരെങ്കിലും വേണമെന്നും രവി ശാസ്ത്രി പറഞ്ഞു. ഇഷാന്‍ കിഷനെ ടോപ് ഓര്‍ഡറില്‍ തന്നെ കളിപ്പിക്കണമെന്നും അതിനുവേണ്ടി മറ്റ് ബാറ്റര്‍മാര്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയാലും കുഴപ്പമില്ലെന്നും ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിന്റെ ടോക് ഷോയില്‍ വ്യക്തമാക്കി.
ഇഷാന്‍ കിഷനെ രോഹിത്തിനൊപ്പം ഓപ്പണറാക്കണം. രോഹിത് ശര്‍മക്കും വിരാട് കോലിക്കും രണ്ട് മൂന്ന് നാല് സ്ഥാനങ്ങളില്‍ അനായാസം ബാറ്റ് ചെയ്യാന്‍ കഴിയുന്നവരാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍ക്കാന്‍ കാരണം ശിഖര്‍ ധവാന്‍ ടീമില്‍ ഇല്ലാതിരുന്നതിനാലാണ്. ടോപ് ഓര്‍ഡറില്‍ ഒരും ഇടം കൈയന്‍ ബാറ്റര്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിത്തന്ന മത്സരമായിരുന്നു അത്.
ധവാന് അര്‍ഹിക്കുന്ന അംഗീകാരം ആരാധകര്‍ ഇതുവരെ നല്‍കിയിട്ടില്ല. അവന്‍ അസാമാന്യ കളിക്കാരനാണ്. 2019ലെ ലോകകപ്പില്‍ സെമി വരെ നമ്മള്‍ അസാമാന്യ പ്രകടനം പുറത്തെടുത്തു. പക്ഷെ സെമിയില്‍ തോറ്റു. അതിന് കാരണം, ശിഖര്‍ ധവാന്‍ ടീമില്‍ ഇല്ലാതിരുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയക്കെതിരാ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ് ധവാന്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ടോപ് ത്രീയില്‍ മൂന്ന് വലംകൈയന്‍ ബാറ്റര്‍മാര്‍ ഇറങ്ങുന്നതിനെക്കാള്‍ ഒരു ഇടം കൈയന്‍ ബാറ്റര്‍ ഇറങ്ങുന്നത് വലിയ വ്യത്യാസം വരുത്തും. കാരണം, വലം കൈയന്‍മാരില്‍ സ്വിംഗ് ചെയ്ത് പുറത്തുപോകുന്ന പന്തില്‍ ഇടം കൈയന്‍മാര്‍ക്ക് അനായാസം കളിക്കാനാവും.
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആരൊക്കെ വേണമെന്ന് സെലക്ടര്‍മാരുടെ തീരുമാനമാണ്. അവര്‍ക്കറിയാം ആരാണ് ഇപ്പോള്‍ മികച്ച ഫോമിലെന്ന്. അത് തിലക് വര്‍മയാണെങ്കില്‍ തിലകിനെ ഉള്‍പ്പെടുത്താം. അല്ല, യശസ്വി ജയ്സ്വാളാണെങ്കില്‍ അങ്ങനെയുമാവാം. എന്തായാലും ടോപ് സെവനില്‍ മൂന്ന് ഇടം കൈയന്‍ ബാറ്റര്‍മാരുണ്ടാകുന്നത് ടീമിന് മുന്‍തൂക്കം നല്‍കുമെന്നും ഇന്ത്യയുടെ ലോകകപ്പ് ഇലവനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ രവി ശാസ്ത്രി പറഞ്ഞു.