മുംബൈ: വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിന്റെ മുംബൈ – ഡല്‍ഹി യാത്ര കാറില്‍. പി.ടി.ഐ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എയര്‍ ഇന്ത്യയിലെ മലയാളിയായ ഡ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ വിമാനക്കമ്പനികള്‍ ഗെയ്ക്വാദിന് വിലക്കേര്‍പ്പെടുത്തിയത്. അദ്ദേഹം ബുക്കു ചെയ്ത ടിക്കറ്റുകള്‍ നേരത്തെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് അദ്ദേഹം ട്രെയിനിലാണ് ഡല്‍ഹിയില്‍നിന്ന് മടങ്ങിയത്. അദ്ദേഹം വീണ്ടും എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്കു ചെയ്തുവെങ്കിലും കടുത്ത നിലപാട് സ്വീകരിച്ച എയര്‍ ഇന്ത്യ ടിക്കറ്റ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം റോഡു മാര്‍ഗം മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് യാത്രതിരിച്ചത്.
മുംബൈയില്‍നിന്ന് കാറില്‍ ഡല്‍ഹിയിലെത്തുമെങ്കിലും ഗെയ്ക്വാദ് ഇന്നത്തെ പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഗെയ്ക്വാദ് രാജധാനി എക്‌സ്പ്രസില്‍ ഡല്‍ഹിയിലെത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തീവണ്ടിയില്‍ അദ്ദേഹം ടിക്കറ്റ് ബുക്കു ചെയ്തുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അദ്ദേഹം കാറില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.