മെല്‍ബണ്‍: ഇന്ത്യൻ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പം ജഡേജയും ഉണ്ടാകും. ഓസീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ പരിക്ക് പറ്റിയ ജഡേജയ്ക്ക് ശേഷിച്ച രണ്ട് മത്സരങ്ങളിലും ആദ്യ ടെസ്റ്റിലും കളിക്കാനായിരുന്നില്ല. ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പരിശീലനത്തില്‍ പങ്കെടുത്ത ജഡേജ ഫിറ്റ്‌നസ് ടെസ്റ്റിലും പങ്കെടുത്തിരുന്നു. ഇന്ത്യയ്ക്കായി 49 ടെസ്റ്റുകള്‍ കളിച്ച ജഡേജ 213 വിക്കറ്റുകളും 1869 റണ്‍സും നേടിയിട്ടുണ്ട്.
ഓസീസിനെതിരേ മികച്ച റെക്കോഡുള്ള താരം കൂടിയാണ് ജഡേജ. ജഡേജയെ ടീമിലെടുക്കുമ്പോള്‍ ആരെ മാറ്റിനിര്‍ത്തും എന്നതാണ് ടീം നേരിടുന്ന പ്രതിസന്ധി. ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലെത്താനും സാധ്യതയുണ്ട്. നിശ്ചിത ഓവര്‍ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടി. നടരാജന്‍, ഷമിക്ക് പകരം ടീമിലെത്തിയേക്കുമെന്നും സൂചനകളുണ്ട്. വ്യാഴാഴ്ച നെറ്റ്‌സില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും കോച്ച് രവി ശാസ്ത്രിയുടെയും നേതൃത്വത്തില്‍ നടരാജന്‍ ദീര്‍ഘ നേരം പന്തെറിഞ്ഞിരുന്നു.