താരങ്ങളെ ചാക്കിട്ട് പിടിച്ച് പാർട്ടികൾ . . . ജഡേജ കുടുംബത്തിലും രാഷ്ട്രീയ പോര് !

വിചിത്രരാഷ്ട്രീയവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രംഗത്ത്. ഗുജറാത്തിലെ ജാംനഗറില്‍ ജനിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരമായി ഉയര്‍ന്ന ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിന്തുണ നല്‍കിയിരിക്കുകയാണിപ്പോള്‍ ജഡേജ. ജഡേജക്ക് മുന്‍പ് ഭാര്യ റിവാബ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

കുടുംബത്തിലെ വ്യത്യസ്ത രാഷ്ട്രീയം ചര്‍ച്ചയായതോടെയാണ് ജഡേജ പിതാവിന്റെയും സഹോദരിയുടെയും രാഷ്ട്രീയം തള്ളി ഭാര്യയെ പിന്തുണച്ച് ബി.ജെ.പിക്കുവേണ്ടി രംഗത്തിറങ്ങിയത്.

“ഞാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു” നരേന്ദ്രമോഡിയെ ടാഗ് ചെയ്തുകൊണ്ടാണ് ജഡേജ ട്വീറ്റ് ചെയ്തത്. റിവാബ ജഡേജ ജയ് ഹിന്ദ് എന്ന ഹാഷ്ടാഗോടെയായിരുന്നു ജഡേജയുടെ ട്വീറ്റ്.

ജഡേജയുടെ മുതിര്‍ന്ന സഹോദരി നൈനാബ ജഡേജയും പിതാവ് അനിരുദ്ധ് സിന്‍ഹ് ജഡേജയും കലാവഡ് താലൂക്കിലെ ജാംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നത്.

പട്ടീദാര്‍ നേതാവും കോണ്‍ഗ്രസില്‍ അംഗത്വവുമെടുത്ത ഹാര്‍ദ്ദിക് പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം. ജാംനഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുലു കണ്ഡോരിയയുടെ പ്രചരണ പരിപാടികളിലും ഇവര്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാനും സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളതുകൊണ്ടുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് നൈനാബ പ്രതികരിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും വാഗ്ദാനങ്ങള്‍ പാലിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും നൈനാബ തുറന്നടിച്ചു.

ക്രിക്കറ്റ് താരം ജഡേജയുടെയും കുടുംബത്തിന്റെയും രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീത്തിലും ഭാഗ്യം പരീക്ഷിക്കുന്നത് തുടരുകയാണ്. ഇന്ത്യയിലും പാക്കിസ്ഥാനിലും ക്രിക്കറ്റ് താരങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വീരപരിവേഷമാണുള്ളത്.

പാക്കിസ്ഥാനില്‍ രാഷ്ട്രീയനേതാക്കളെ പിന്തള്ളിയാണ് ക്രിക്കറ്റിലൂടെ ലോകക്കപ്പ് സമ്മാനിച്ച ഓള്‍റൗണ്ടര്‍ ഇമ്രാന്‍ഖാന്‍ പാക് പ്രധാനമന്ത്രിയായിരിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസറുദ്ദീന്‍ യു.പിയിലെ മൊറാദാബാദിലെ കോണ്‍ഗ്രസ് എം.പിയായിരുന്നു. ഇന്ത്യന്‍ ഓപ്പണറായി തിളങ്ങിയ നവജ്യോത് സിങ് സിദ്ദു ആദ്യം ബി.ജെ.പി എം.പിയും ഇപ്പോള്‍ പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയുമാണ്. കീര്‍ത്തി ആസാദ് മുന്‍ ബി.ജെ.പി എം.പിയായിരുന്നു. ഇപ്പോള്‍ ബി.ജെ.പി വിരുദ്ധ പാളയത്തിലാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്ററായിരുന്ന സച്ചിന്‍ ടെന്റുല്‍ക്കര്‍ രാജ്യസഭാ അംഗമായിരുന്നു.

യുവാക്കളുടെ ആവേശമായ ക്രിക്കറ്റ് താരങ്ങളെ ഒപ്പം നിര്‍ത്തി യുവവോട്ടുകള്‍ കൂട്ടത്തോടെ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും പയറ്റുന്നത്. ഇപ്പോള്‍ ക്രിക്കറ്റ് താരങ്ങളുടെ കുടുംബാംഗങ്ങളെയും പാര്‍ട്ടിയിലെടുത്ത് പ്രചരണം നടത്തുന്ന തരത്തിലേക്ക് ഈ പോര് മൂര്‍ഛിച്ചിരിക്കുകയാണ്.

സിനിമാ താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍ എന്ന് തുടങ്ങി സീരിയല്‍ താരങ്ങളെ വരെ ബി.ജെ.പിയും കോണ്‍ഗ്രസ്സും സജീവമായാണ് പ്രചരണത്തിന് ഇറക്കുന്നത്.

വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നും ആരാധകരുടെ വോട്ട് തങ്ങളുടെ പെട്ടിയില്‍ വീഴുമെന്നുമാണ് പാര്‍ട്ടികളുടെ കണക്ക് കൂട്ടല്‍.

അതേസമയം, ജഡേജയുടെ കുടുംബ മാതൃകയില്‍ രണ്ടു തോണിയില്‍ കാലു വയ്ക്കുന്നതെന്നാണ് സുരക്ഷിതമെന്ന് കരുതുന്നവരാണ് താരങ്ങളില്‍ നല്ലൊരു വിഭാഗവും. പിന്തുണക്കുന്ന കക്ഷി ഭരണത്തില്‍ വന്നില്ലെങ്കില്‍ പ്രതികാര നടപടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഈ ‘ നയം’ തുണയാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

Top