സിഡ്നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിനിടെ പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. ശാസ്ത്രക്രിയ പൂർത്തിയായ വിവരം ജഡേജ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. “കുറച്ചു കാലത്തേക്ക് കളിക്കില്ല. ശസ്ത്രക്രിയ പൂർത്തിയായി. എന്നാൽ ഉടൻ തന്നെ വലിയ പ്രഹരമായി തിരിച്ചു വരും!” ജഡേജ കുറിച്ചു. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈവിരലിന് പൊട്ടലേറ്റ ജഡേജ രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞിരുന്നില്ല. ശസ്‌ത്രക്രിയക്ക് ശേഷം ജഡേജയ്ക്ക് നാലാഴ്‌ച എങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റും ജഡേജയ്ക്ക് നഷ്ടമാവും. അടുത്ത മാസം അഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് തുടങ്ങുക. ജഡേജയ്‌ക്ക് പകരം ബ്രിസ്‌ബേൻ ടെസ്റ്റിൽ പേസര്‍ ഷാർദുൽ താക്കൂർ കളിക്കുമെന്നാണ് റിപ്പോർട്ട്.
പരിക്കിനെ അവഗണിച്ചും സിഡ്‌നിയിലെ അവസാന ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറായി പാഡണിഞ്ഞിരുന്നു ജഡേജ. സിഡ്‌നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ നിര്‍ണായകമായ 28 റണ്‍സും നാല് വിക്കറ്റുമായി ജഡേജ തിളങ്ങിയിരുന്നു. പരിക്കേറ്റിട്ടും ബാറ്റിംഗ് തുടരുകയായിരുന്നു താരം. ബ്രിസ്‌ബേനില്‍ വിജയിയെ തീരുമാനിക്കുന്ന അവസാനത്തെ ടെസ്റ്റില്‍ ജഡേജ കളിക്കാത്തത് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായിരിക്കും.