കൂനൂര്‍ (ഊട്ടി): കൂനൂര്‍ കാട്ടേരിയിലെ അപകടത്തിൽപ്പെട്ടു തകർന്ന വ്യോമസേനയുടെ മി-17 വി.അഞ്ച് ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോള്‍ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഹെലികോപ്റ്ററിറെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ബിപിന്‍ റാവത്ത് അദ്ദേഹത്തിന്റെ പേര് പറഞ്ഞിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നും ആഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ജനറല്‍ ബിപിന്‍ റാവത്തിന് പുറമേ ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് മരിച്ചത്.
കോയമ്പത്തൂര്‍ സൂലൂര്‍ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നാണ് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍ (ഡി.എസ്.എസ്.സി.) നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി സേനാ മേധാവിയടക്കമുള്ളവര്‍ പുറപ്പെട്ടത്. 12.05-ഓടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ സൂലൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് 11.35-ന് പുറപ്പെട്ട് 12.20 വെല്ലിങ്ടണില്‍ ഇറങ്ങേണ്ടതായിരുന്നു. കനത്ത മഞ്ഞുനിറഞ്ഞ മോശം കാലാവസ്ഥ കാരണം താഴ്ന്നാണ് പറന്നിരുന്നത്. കാട്ടേരിയിലെ നഞ്ചപ്പഛത്രം മലകള്‍ക്കിടയിലെ മരക്കമ്പില്‍ തട്ടി തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് സംശയം.