ഓണ്‍ലൈന്‍ പേയ്‌മെന്റ് ഇടപാടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ആര്‍ബിഐ

മുംബൈ: ഓണ്‍ലൈന്‍ പേമെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദമായി തന്നെ പരിശോധിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്‌നോളജി അനുദിനം വികസിക്കുമ്പോള്‍ പൗരന്മാരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയെന്ന വെല്ലുവിളിയാണ് റിസര്‍വ് ബാങ്കിന് മുന്നിലുള്ളത്.

അതുകൊണ്ട് ഇനി മുതല്‍ മണി കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡിന്റെ സിവിവി മാത്രം അടിച്ചാല്‍ മതിയാകില്ലെന്നതാണ് പ്രധാനം.

റിസര്‍വ് ബാങ്ക് ഈ മാറ്റങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ മണി കാര്‍ഡിലെ ഉപഭോക്താവിന്റെ പേര്, 16 അക്ക കാര്‍ഡ് നമ്പര്‍, കാലാവധി അവസാനിക്കുന്ന തീയതി, സിവിവി നമ്പര്‍ ഇവയെല്ലാം രേഖപ്പെടുത്തേണ്ടി വരും.

കാര്‍ഡ് വിവരങ്ങള്‍ മുഴുവനായി രേഖപ്പെടുത്തുകയെന്നത് കൂടുതല്‍ സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട പ്രവര്‍ത്തിയാണ്. ഒന്നിലേറെ കാര്‍ഡുകളുള്ളവര്‍ക്ക് ഈ കാര്‍ഡുകള്‍ കൈയ്യില്‍ കൊണ്ടുനടക്കേണ്ടിയും വരും.

ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും അടക്കം ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവ വഴി പണം നല്‍കുന്നതിനും നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ആപ്പുകള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനുമെല്ലാം ഭാവിയില്‍ മുഴുവന്‍ കാര്‍ഡ് വിവരങ്ങളും രേഖപ്പെടുത്തേണ്ടി വന്നേക്കാം.

ആമസോണ്‍, ഗൂഗിള്‍ പേ, പേടിഎം പോലുള്ള കമ്പനികള്‍ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുന്നത് തടയുകയെന്നതാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.

നിലവില്‍ കമ്പനികള്‍ അവരുടെ സെര്‍വറിലും ഡാറ്റാബേസിലും ശേഖരിച്ച് വച്ചിരിക്കുന്ന വിവരങ്ങളാണിവ. പുതിയ നിയമം വന്നാല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്ക് സുരക്ഷിതത്വം ഉണ്ടായിരിക്കും.

 

Top