മുംബൈ : ബാങ്കുകള്‍ തങ്ങളുടെ വായ്പ മൂല്യ നിര്‍ണയ ചട്ടക്കൂട് നവീകരിക്കണമെന്നും സമ്മര്‍ദ്ദിത ആസ്തികള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തണമെന്നും ആവര്‍ത്തിച്ച് ആര്‍ബിഐ. ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുദര്‍ശന്‍ സെന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കൈകാര്യ ചെയ്യാന്‍ ആര്‍ബിഐ വിവിധ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, എന്നാല്‍ ബാങ്കുകള്‍ അവ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും സെന്‍ കുറ്റപ്പെടുത്തി. 5/25 സ്‌കീം, എസ് 4 എ തുടങ്ങിയ തങ്ങളുടെ പദ്ധതികളുമായി ബന്ധപ്പെട്ട് മികച്ച അനുഭവമല്ല ഉണ്ടായിട്ടുള്ളത്. സാധ്യമായ പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് പകരം തങ്ങളുടെ സമ്മര്‍ദ്ദം കുറക്കാനാണ് ബാങ്കുകള്‍ ഈ സ്‌കീമുകള്‍ ഉപയോഗിച്ചത്. ഈ സാഹചര്യത്തില്‍ വായ്പാദാതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.