ന്യൂഡല്‍ഹി: ബാങ്കുകള്‍ക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കും ആശ്വാസമായി ‘ഓട്ടോ ഡെബിറ്റ് സൗകര്യം’ ആറു മാസം കൂടി നീട്ടിനല്‍കി ആര്‍ബിഐ. പ്രതിമാസ ബില്‍, മാസവരിസംഖ്യ ഫോണ്‍ ബില്‍, റീചാര്‍ജ്, ഡിടിഎച്ച് റീചാര്‍ജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളില്‍ വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍നിന്നോ പേയ്‌മെന്റ് വോലറ്റുകളില്‍നിന്നോ ക്രെഡിറ്റ് കാര്‍ഡുകളില്‍നിന്നോ ‘ഓട്ടമാറ്റിക്’ ആയി പണമെടുക്കാവുന്ന രീതി സെപ്റ്റംബര്‍ 30 വരെ തുടരാം. മാര്‍ച്ച് 31ന് ഇത് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ആര്‍ബിഐ നല്‍കിയ നിര്‍ദേശം.
എന്നാല്‍ ഈ വ്യവസ്ഥ നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ധനസ്ഥാപനങ്ങള്‍ ആര്‍ബിഐയെ അറിയിച്ചിരുന്നു. സാങ്കേതിക സംവിധാനം പൂര്‍ത്തിയാകാത്തതാണു കാരണം. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ആര്‍ബിഐയുടെ നടപടി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശപ്രകാരം, പണമീടാക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസമെങ്കിലും ഇടപാടുകാര്‍ക്ക് സന്ദേശമയച്ച് അനുവാദം വാങ്ങിയ ശേഷമേ ഇടപാടു പൂര്‍ത്തിയാക്കാവൂ. 5000 രൂപ വരെയുള്ള ബില്ലുകള്‍ക്കാണിത്. അതിലും ഉയര്‍ന്ന ഇടപാടുകള്‍ക്ക് വണ്‍ടൈം പാസ്വേഡ് (ഒടിപി) തന്നെ ഏര്‍പ്പെടുത്തണം.