മുംബൈ: പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ പരിധിയ്ക്ക് മുകളിൽ തന്നെ തുടരുന്നതിനാൽ റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയേക്കും. ആർബിഐ അതിന്റെ പ്രധാന വായ്പാ നിരക്ക് 35 ബേസിസ് വരെ ഉയർത്തുമെന്നാണ് സൂചന. ഒക്ടോബറിൽ രാജ്യത്തെ പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞെങ്കിലും ആർബിഐയുടെ ടോളറൻസ് ബാൻഡിന്റെ മുകളിൽ തന്നെയായിരുന്നു. 2 മുതൽ 6 ശതമാനം വരെയാണ് ആർബിഐയുടെ പരിധി.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മാസങ്ങളിൽ കുറയുന്നുണ്ടെങ്കിലും ആഭ്യന്തര വിലയിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് മാസങ്ങളിൽ ആറിലും ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞു, മാർച്ചിൽ 139 ഡോളറിലെത്തിയ ബാരലിന് നിലവിൽ ഏകദേശം 83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള എണ്ണവില കുറവാണെങ്കിലും, 2022 മെയ് മുതൽ ഇന്ത്യയിലെ ചില്ലറ വിപണി വിലയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല,
സെപ്തംബർ 30-ലെ നയ പ്രസ്താവനയിൽ, ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി 2022/23 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 7 ശതമാനമായും ചില്ലറ പണപ്പെരുപ്പം 6.7 ശതമാനമായും പ്രവചിച്ചിരുന്നു.