ദില്ലി: അവകാശികളില്ലാത്ത നിക്ഷേപങ്ങൾ എന്ന വിഭാഗത്തിലേക്ക് മാറ്റിയ അക്കൗണ്ടിലെ ഡെപ്പോസിറ്റ് വിവരങ്ങൾ എളുപ്പത്തിൽ അറിയുന്നതിനായി കേന്ദ്രീകൃത പോർട്ടലുമായി റിസർവ്വ് ബാങ്ക്. 10 വർഷമോ അതിൽക്കൂടുതലോ ആയി ഇടപാടുകൾ നടത്താത്തതിനെത്തുടർന്ന്, അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ കാലതാമസമില്ലാതെ, അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനായാണ് കേന്ദ്രീകൃത പോർട്ടലിന് രൂപം നൽകുന്നത്. നിലവിൽ ഇത്തത്തിലുളള നിക്ഷേപങ്ങൾ പരിശോധിക്കുന്നതിന് വിവിധ ബാങ്കുകളുടെ വെബ്സൈറ്റുകൾ തെരയേണ്ട അവസ്ഥയാണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഒറ്റ ക്ലിക്കിലൂടെ, അകാശികളില്ലാത്ത കാറ്റഗറിയിലേക്ക് മാറ്റിയ നിക്ഷേപങ്ങൾ മുഴുവനായി അറിയാൻ കഴിയുന്ന സംവിധാനമൊരുക്കുന്നതെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ രാജ്യത്തെ വിവിധ ബാങ്കുകളിലുടനീളമുള്ള നിക്ഷേപകരുടെയും അവരുടെ ബെനിഫിഷറീസിന്റെയും അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ സുഗമമായി ആക്സസ് ചെയ്യാൻ കഴിയും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ, അവകാശികളില്ലാതെ കിടന്ന ഏകദേശം 35,000 കോടി രൂപ റിസർവ്വ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തത് അടുത്തിടെയാണ്. പത്ത് വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപ തുകയാണ് ആർബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. പ്രവർത്തനരഹിതമായ 10.24 കോടി അക്കൗണ്ടുകളിലെ പണമാണ് ആർബിഐയിലേക്ക് ട്രാൻസ്ഫർ ചെയ്തതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് വ്യക്തമാക്കിയിരുന്നു.
അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 8,086 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ് എസ്ബിഐയിലുള്ളത്. 5340 കോടിയുടെ ക്ലെയിം ചെയ്യപ്പെടാ്ത്ത നിക്ഷേപങ്ങളുമായി പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്. 4558 കോടിരൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങളുമായി കാനറബാങ്കും, 3904 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുമായി ബാങ്ക് ഓഫ് ബറോഡയുമാണ് തൊട്ടുപിന്നിലുള്ളത്. പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ കണ്ടെത്തി അവകാശികളെ തേടാൻ നടപടികൾ സ്വീകരിക്കണമെന്ന് ആർബിഐ നേരത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.