ഓഫീസുകള്‍ കയറിയിറങ്ങണ്ട ; ആര്‍സി ബുക്ക് ഇനി വീട്ടില്‍ എത്തും

diesel-vehicles

ന്യൂഡല്‍ഹി : വാഹന ഉടമകളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍.

ഇതിനായി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്റ്റാറ്റസ് വാഹന ഉടമകള്‍ക്ക് സ്വയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന
സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുകയാണ് ഡല്‍ഹി ഗതാഗത വകുപ്പ്.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാഹന ഉടമയുടെ മേല്‍വിലാസത്തില്‍ നേരിട്ട് അയച്ചുകൊടുക്കും, സ്പീഡ് പോസ്റ്റ് മുഖേനയായിരിക്കും ആര്‍സി അയച്ചുകൊടുക്കുന്നത്.

നിലവില്‍ വാഹന ഡീലര്‍മാര്‍ ഉപയോക്താക്കളുടെ രേഖകള്‍ ഗതാഗത വകുപ്പിന് അയച്ചുകൊടുക്കുന്നതാണ് പതിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്.

പുതുതായി വികസിപ്പിച്ച സോഫ്റ്റ് വെയറില്‍ ഇനി മുതല്‍ ആര്‍സി സംബന്ധിച്ച വിവരങ്ങള്‍ വാഹന ഉടമയ്ക്കുതന്നെ ചേര്‍ക്കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി കൈലാസ് ഗഹ്ലോട്ട് പറഞ്ഞു. കൂടാതെ, രജിസ്ട്രേഷന്റെ സ്റ്റാറ്റസ് പരിശോധിക്കാനും, എസ്എംഎസ് അപ്ഡേറ്റുകളും ലഭ്യമാക്കാനും വാഹന ഉടമയ്ക്ക് കഴിയും.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വീടുകളിലേക്ക് അയയ്ക്കുന്നത് വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മാത്രമല്ല, ഇത് അഴിമതി കുറച്ചുകൊണ്ടുവരുന്നതിനും സഹായിക്കും എന്ന് മന്ത്രി അവകാശപ്പെടുന്നു.

കൂടുതല്‍ ഓണ്‍ലൈന്‍ ആകുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. മാത്രമല്ല, പൊതുജനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ കയറിയിറങ്ങുന്നത് കുറയ്ക്കുകയും ചെയ്യാം.

വര്‍ഷംതോറും പത്ത് ലക്ഷത്തോളം വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇവയില്‍ മിക്കതും പുതിയ വാഹനങ്ങളുടെ ആര്‍സികളാണ്.

നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേരിട്ട് വീടുകളിലേക്ക് അയയ്ക്കുന്നതാണ് പതിവ്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റിംഗ് സോഫ്റ്റ്‌വെയര്‍ സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.

Top