റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റണ്‍സ് എടുത്തത്. ബാംഗ്ലൂരിനായി 48 റണ്‍സെടുത്ത വിരാട് കോലിയാണ് ടോപ്പ് സ്‌കോറര്‍. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഫിഞ്ച്-ദേവ്ദത്ത് സഖ്യം ആദ്യ വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ദേവ്ദത്തിനെ പുറത്താക്കിയ അര്‍ഷ്ദീപ് സിംഗ് ആണ് പഞ്ചാബിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 12 പന്തുകളില്‍ 18 റണ്‍സെടുത്ത യുവതാരത്തെ നിക്കോളാസ് പൂരാന്‍ പിടികൂടുകയായിരുന്നു. ഏറെ വൈകാതെ ഫിഞ്ചും പുറത്തായി. ഫിഞ്ചിനെ മുരുഗന്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌ണോയ് എന്നീ രണ്ട് ലെഗ് സ്പിന്നര്‍മാര്‍ ഉള്ളതുകൊണ്ട് തന്നെ ഡിവില്ല്യേഴ്‌സിനു പകരം ഇടംകയ്യന്‍ വാഷിംഗ്ടണ്‍ സുന്ദറാണ് മൂന്നാം നമ്പറില്‍ എത്തിയത്. ഒരുവശത്ത് കോലി മെല്ലെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുമ്പോള്‍ മറുപുറത്ത് സുന്ദറിന്റെ മെല്ലെപ്പോക്ക് ആര്‍സിബിയ്ക്ക് തിരിച്ചടിയായി. ഒടുവില്‍ മുരുഗന്‍ അശ്വിന്‍ തന്നെ സുന്ദറിനെയും പുറത്താക്കി. സുന്ദര്‍ പുറത്തായതിനു പിന്നാലെ ശിവം ദുബേ എത്തി. മെല്ലെ തുടങ്ങിയെങ്കിലും രവി ബിഷ്‌ണോയുടെ പന്തില്‍ രണ്ട് സിക്‌സറുകള്‍ അടിച്ച ദുബെ 16ആം ഓവറില്‍ പുറത്തായി. 23 റണ്‍സെടുത്ത ദുബെയെ ക്രിസ് ജോര്‍ഡന്റെ പന്തില്‍ ലോകേഷ് രാഹുല്‍ പിടികൂടുകയായിരുന്നു. അഞ്ചാം നമ്പറിലാണ് എബി ഡിവില്ല്യേഴ്‌സ് എത്തിയത്. പൊസിഷന്‍ മാറി ബാറ്റ് ചെയ്യാനെത്തിയ എബി അഞ്ച് പന്തുകള്‍ നേരിട്ട് വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. എബിയെ ഷമിയുടെ പന്തില്‍ ദീപക് ഹൂഡ പിടികൂടുകയായിരുന്നു. ആ ഓവറില്‍ തന്നെ കോലിയും പുറത്തായി. 39 പന്തുകളില്‍ 48 റണ്‍സെടുത്ത കോലിയെ ലോകേഷ് രാഹുല്‍ പിടികൂടുകയായിരുന്നു.

Top