ചിന്നസ്വാമിയില്‍ രാജസ്ഥാനെതിരെ ആര്‍സിബിക്ക് ഏഴ് റണ്‍ ജയം

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റണ്‍സ് തോല്‍വി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. ദേവ്ദത്ത് പടിക്കല്‍ (34 പന്തില്‍ 52), യഷസ്വി ജെയ്‌സ്വാള്‍ (37 പന്തില്‍ 47), ധ്രുവ് ജുറല്‍ (16 പന്തില്‍ 34) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. സഞ്ജു സാംസണ്‍ 15 പന്തില്‍ 22 റണ്‍സുമായി മടങ്ങി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് ഫാഫ് ഡു പ്ലെസിസ് (62), ഗ്ലെന്‍ മാക്‌സ്‌വെല്‍ (77) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. വിരാട് കോലി ഗോള്‍ഡന്‍ ഡക്കായി. ഒമ്പത് വിക്കറ്റ് നഷ്ടമായി. ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നടുക്കുന്ന തുടക്കമായിരുന്നു ആര്‍സിബിക്ക്. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ബോള്‍ട്ട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ഷഹ്ബാസിനേയും മടക്കി. ബോള്‍ട്ടിനെ പുള്‍ ചെയ്യാനുള്ള ശ്രമം മിഡ് വിക്കറ്റില്‍ യഷസ്വി ജയ്‌സ്വാളിന്റെ കൈകളില്‍ അവസാനിച്ചു. ഇതോടെ രണ്ടിന് 12 എന്ന നിലയിലായി ആര്‍സിബി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഫാഫ്- മാക്‌സ്‌വെല്‍ സഖ്യം തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 127 റണ്‍സ് കൂട്ടിചേര്‍ത്തു. ഫാഫാണ് ആദ്യം പുറത്താവുന്നത്. യഷസ്വി ജയ്‌സ്വാളിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു താരം. 39 പന്തുകള്‍ നേരിട്ട് ഫാഫ് രണ്ട് സിക്‌സും എട്ട് ഫോറും നേടി. അധികം വൈകാതെ മാക്‌സവെല്ലും മടങ്ങി. 44 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സിയുടെ ഇന്നിംഗ്‌സ്.

പിന്നീടെത്തിയ മഹിപാല്‍ ലോംറോര്‍ (8), സുയഷ് പ്രഭുദേശായ് (0), ദിനേശ് കാര്‍ത്തിക് (16), വാനിന്ദു ഹസരങ്ക (6), വിജയ്കുമാര്‍ വൈശാഖ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഡേവിഡ് വില്ലി (4), മുഹമ്മദ് സിറാജ് (1) പുറത്താവാതെ നിന്നു. എന്നിവര്‍ പുറത്താവാതെ നിന്നു. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. പേസര്‍ വെയ്ന്‍ പാര്‍നെല്ലിന് പകരം ഡേവിഡ് വില്ലി ടീമിലെത്തി.

ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ മുഹമ്മദ് സിറാജ് രാജസ്ഥാന് കനത്ത പ്രഹരം നല്‍കി. ബട്‌ലര്‍ ബൗള്‍ഡ്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന ജയ്‌സ്വാള്‍- പടിക്കല്‍ സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ പടിക്കല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 34 പന്തുകള്‍ നേരിട്ട പടിക്കല്‍ ഒരു സിക്‌സും ഏഴ് ഫോറും നേടി. പടിക്കലിനെ ഡേവിഡ് വില്ലി, വിരാട് കോലിയുടെ കൈകളിലെത്തിച്ചു. വൈകാതെ ജയ്‌സ്വാളും മടങ്ങി. ഹര്‍ഷലിന്റെ പന്തില്‍ കോലിക്ക് ക്യാച്ച്. അഞ്ച് ഫോറും രണ്ട് സിക്‌സും ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

നാലാമനായി ക്രീസിലെത്തിയ സഞ്ജു നന്നായി തുടങ്ങി. വാനിന്ദു ഹസരങ്കയ്‌ക്കെതിരെ ഒരു സിക്‌സും ഒരു ഫോറും നേടാന്‍ സഞ്ജുവിനായി. എന്നാല്‍ ഹര്‍ഷലിന്റെ പന്തില്‍ ഷഹ്ബാസിന് ക്യാച്ച് നല്‍കി. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (3) റണ്ണൗട്ടാവുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ധ്രുവ് ജുറല്‍ (16 പന്തില്‍ 34), ആര്‍ അശ്വിന്‍ (ആറ് പന്തില്‍ 12) പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 20 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ 11 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹര്‍ഷലിന്റെ ആദ്യ പന്തില്‍ അശ്വിന്‍ ഫോര്‍ നേടി. രണ്ടാം പന്തില്‍ രണ്ട് റണ്‍. മൂന്നാം പന്തില്‍ ഫോര്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 10 റണ്‍. നാലാം പന്തില്‍ അശ്വിന്‍ (ആറ് പന്തില്‍ 12) പുറത്ത്. രണ്ട് പന്ത് നേരിടാന്‍ സബ്ബായി മലയാളി താരം അബ്ദുള്‍ ബാസിത് (1) ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. അഞ്ചാം പന്തില്‍ ഒരു റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

Top