മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: 4106 കോടി കിട്ടി, 2008 കോടി ചെലവഴിച്ചു; കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: 2018ലെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 20വരെ ലഭിച്ച തുകയുടെ കണക്ക് പുറത്ത് വിട്ടു. ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 20വരെ ലഭിച്ചത് 4106 കോടി രൂപയാണ്. ജൂലൈ 14 വരെ ഇതില്‍നിന്ന് 2008.76 കോടി രൂപ ചെലവഴിച്ചു. ഇതില്‍ 457.65 കോടി രൂപ കഴിഞ്ഞ പ്രളയത്തില്‍പ്പെട്ട 7.37ലക്ഷം പേര്‍ക്ക് അടിയന്തര ധനസഹായമായി നല്‍കിയതാണ്. 2.4 ലക്ഷം വീടുകളുടെ പുനര്‍നിര്‍മാണത്തിന് 1318.91 കോടി വിതരണംചെയ്തു. റീബില്‍ഡ് കേരള ഇന്‍ഷിയേറ്റീവിന്റെ (ആര്‍കെഐ) rebuild kerala.gov.in എന്ന സൈറ്റില്‍ ഇതു സംബന്ധിച്ച വിശദ കണക്കുകള്‍ ലഭ്യമാണ്.

റീബില്‍ഡ് കേരള ഇന്‍ഷിയേറ്റീവിന്റെ കണക്കുകള്‍ ഇപ്രകാരം

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ 15,664 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇതില്‍ 10,840 കുടുംബങ്ങളും സര്‍ക്കാര്‍ ധനസഹായം മൂന്ന് തവണകളായി നേരിട്ട് കൈപ്പറ്റുന്ന രീതി തെരഞ്ഞെടുത്തു. 1,990 കുടുംബങ്ങള്‍ സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ അംഗമായി. അതില്‍ 1662 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറി.കെയര്‍ ഹോം പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് 45 കോടി രൂപയും കാര്‍ഷികവായ്പ തിരിച്ചടയ്ക്കാന്‍ 54 കോടിയും ചെലവിട്ടു.

പുറമ്പോക്ക് വസ്തുവില്‍ വീട് ഇല്ലാതായ 889 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വസ്തുവും വീട് വയ്ക്കാന്‍ ധനസഹായവും നല്‍കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള 337 കുടുംബങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ഭൂമി നല്‍കി വീട് വയ്ക്കാന്‍ സഹായം നല്‍കി. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് അതിന് അനുസരിച്ചുള്ള തുകയാണ് അനുവദിച്ചത്. വീട് നിര്‍മാണം പുരോഗമിക്കുന്നവര്‍ക്ക് ഇനിയും ദുരിതാശ്വാസ നിധിയില്‍നിന്ന് തുക അനുവദിക്കും. പലര്‍ക്കും അവസാന ഗഡു ലഭിക്കാനുണ്ട്. നിര്‍മാണത്തിന്റെ ഓരോ ഘട്ടം കണക്കാക്കിയാണ് ഗഡു അനുവദിക്കുന്നത്.

പ്രളയ ബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യകിറ്റ് നല്‍കിയ ഇനത്തില്‍ ഭക്ഷ്യവകുപ്പിന് 54 കോടി രൂപ ചെലവിട്ടു. സൗജന്യ റേഷന്‍ നല്‍കാനായി 9.4 കോടി രൂപയും വിനിയോഗിച്ചു എന്നും കണക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top