നവകേരള സദസിന് പണം നല്‍കാനുള്ള തീരുമാനം ; തിരുവല്ല നഗരസഭയില്‍ കൗണ്‍സില്‍ യോഗം ഇന്ന്

പത്തനംതിട്ട: നവകേരള സദസിന് പണം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഇന്ന് തിരുവല്ല നഗരസഭയില്‍ കൗണ്‍സില്‍ യോഗം ചേരും. ഉച്ചയ്ക്കാണ് യോഗം ചേരുക. യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭ നവ കേരള സദസ്സിന് പണം അനുവദിച്ചത് വിവാദമായതിന് പിന്നാലെ ഡിസിസി പ്രസിഡണ്ട് ചെയര്‍പേഴ്സനോട് വിശദീകരണം ചോദിച്ചിരുന്നു. പണം നല്‍കാനുള്ള തീരുമാനം പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്ന് ഭരണ സമിതികളെ ഡിസിസി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ലക്ഷം രൂപ അനുവദിച്ച നഗരസഭ ആദ്യഘട്ടത്തില്‍ 50,000 രൂപ നല്‍കി. സംഭവമറിഞ്ഞ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പണം അനുവദിച്ചത് എന്നായിരുന്നു നഗരസഭാ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജിന്റെ വിശദീകരണം. 11നാണ് കെപിസിസി നവ കേരള സദസിന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കേണ്ടതില്ലെന്ന നിര്‍ദേശം അടങ്ങിയ സര്‍ക്കുലര്‍ പുറപ്പടെുവിച്ചതെന്നും അത് 19നാണ് തനിക്ക് ലഭിച്ചതെന്നും അനു ജോര്‍ജ് പറഞ്ഞിരുന്നു.

നടപടി പുനഃപരിശോധിച്ച്, തീരുമാനം തിരുത്താനാണ് നിര്‍ദേശം. പിന്നാലെയാണ് അടിയന്തരമായി കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കാന്‍ നഗരസഭയോട് ഡിസിസി ആവശ്യപ്പെട്ടത്. കോന്നി ബ്ലോക്ക് പഞ്ചായത്തിനോടും യോഗം കൂടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തിരുവല്ല നഗരസഭയിലും കോന്നി ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തത് പുനഃപരിശോധന തീരുമാനത്തിന് തിരിച്ചടിയായേക്കും.

 

Top