കേരളത്തില്‍ പത്ത് ദിവസത്തിനുള്ളിലെത്തുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍

വത്തിക്കാന്‍: കേരളത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ മടങ്ങിയെത്തുമെന്ന് ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍.

പുതിയ പാസ്പോര്‍ട്ട് ലഭിച്ചാലുടന്‍ താന്‍ കേരളത്തില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. വത്തിക്കാനിലെ സലേഷ്യന്‍ ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണ്. തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഒരു തരത്തിലും തന്നെ ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ എന്തിനു വേണ്ടിയാണ് അവര്‍ തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവര്‍ അത് വെളിപ്പെടുത്തിയിട്ടുമില്ല. തന്നെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു.

ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയ്യാറാണ്. തടവിനിടെ പ്രാര്‍ത്ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അള്‍ത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. തടവിനിടെ താന്‍ കൊല്ലപ്പെടുമെന്ന് ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലില്‍ പറഞ്ഞു.

ഒന്നരവര്‍ഷവും ഒരേ വസ്ത്രമാണ് ധരിച്ചത്. ഇതിനിടയില്‍ രണ്ടോ മൂന്നോ തവണ ഭീകരര്‍ സ്ഥലം മാറ്റി. ഓരോ തവണയും തന്നെ കണ്ണു മൂടിക്കെട്ടിയാണ് കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവര്‍ അറബിക് ആണ് സംസാരിച്ചിരുന്നത്. അതിനാല്‍ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു. അല്‍പം ചില ഇംഗ്ലിഷ് വാക്കുകള്‍ കൊണ്ടായിരുന്നു സംസാരമത്രയും.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭീകരരുടെ പക്കല്‍ നിന്ന് ഫാ.ടോം ഉഴുന്നാലില്‍ മോചിതനായത്. മോചിതനായ ആദ്ദേഹം ഒമാനില്‍ നിന്ന് വത്തിക്കാനിലേക്ക് പുറപ്പെടുകയായിരുന്നു.

Top