ഇസ്രായേല്‍, പലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണമറിയിച്ച ‘സ്ട്രേഞ്ചര്‍ തിങ്ങ്‌സ്’ താരം നോവ സ്‌നാപ്പിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം. സീരീസിന്റെ അഞ്ചാം സീസണില്‍ നിന്ന് വില്‍ ബയേഴ്‌സ് എന്ന താരം അവതരിപ്പിക്കുന്ന കഥാപാത്രത്തെ തുടക്കത്തില്‍ തന്നെ കൊല്ലണമെന്നും പ്രതികരണങ്ങളുയരുന്നുണ്ട്. സ്ട്രേഞ്ചര്‍ തിങ്ങ്‌സ് നിര്‍മ്മാതാക്കള്‍ അഞ്ചാം സീസണിന്റെ ചിത്രീകരണം ആരംഭിച്ച് ഒരാഴ്ച്ച കഴിയും മുന്‍പേയാണ് നോവ വിവാദത്തിലാകുന്നത്.
നിര്‍മ്മാതാക്കള്‍ നടനെ നീക്കം ചെയ്തില്ലെങ്കില്‍ ഷോ ബഹിഷ്‌കരിക്കണമെന്ന് പലരും ആഹ്വാനം ചെയ്യുന്നുണ്ട്. പലസ്തീനിലെ ജനങ്ങളെ പരാമര്‍ശിച്ചതില്‍ ‘പലസ്തീനിയന്‍ പശ്ചാത്തലം’ എന്ന പദം ഉപയോഗിച്ചാണ് നടനെതിരെ പ്രതികരണമെത്തിയത്.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഹമാസിനെതിരെ താരം ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റും ഇതോടൊപ്പം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ റീഷെയര്‍ ചെയ്തിട്ടുണ്ട്. നോവ മാപ്പ് പറയണമെന്നാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്.
‘പലസ്തീനിലെ എന്റെ നിരവധി സുഹൃത്തുക്കളുമായി ഞാന്‍ സംസാരിച്ചു. അവരും ആഗ്രഹിക്കുന്നത് സമാധാനമാണ്. രണ്ട് ഭാഗത്തുള്ളവരും ദുരിതത്തിലാണ്. നിരവധി അമ്മമാരും കുട്ടികളും അനുഭവിക്കുന്ന വേദന കണ്ടു നില്‍ക്കാന്‍ കഴിയുന്നതല്ല. മനുഷ്യത്വം ഉണ്ടെങ്കില്‍ രണ്ട് ഭാഗത്ത് നിന്നും ഇത് അവസാനിപ്പിക്കണം. നിരപരാധികളെ വധിക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ എനിക്ക് കഴിയില്ല. നിങ്ങള്‍ക്കുമങ്ങനെയാണ് എന്ന് എനിക്ക് തോന്നുന്നു. മനുഷ്യത്വത്തിനും സമാധാനത്തിനും വേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാം’, എന്നായിരുന്നു നോവ ടിക് ടോക് വീഡിയോയിലൂടെ പറഞ്ഞത്.