ആദിവാസി വിഭാഗങ്ങള്‍ ശക്തമായ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. അന്ത്യനിമിഷത്തില്‍ ജെഎംഎമ്മുമായി വിലപേശലുകള്‍ക്കൊടുവില്‍ നേടിയ മഹാസഖ്യം കൃത്യസമയത്ത് സംഭവിച്ചത് കോണ്‍ഗ്രസിന് ഗുണമായി. ഇതുവഴി ബിജെപിയെ വെല്ലുവിളിക്കാനും, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഭരണപക്ഷത്തെ അട്ടിമറിക്കാനും ഇതുവഴി അവസരമൊരുങ്ങി.
പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ജെഎംഎം പരമാവധി സീറ്റില്‍ മത്സരിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് കോണ്‍ഗ്രസ് ഹേമന്ത് സോറനെ അറിയിച്ചത്. ദേശീയ പാര്‍ട്ടിയാണെങ്കിലും തങ്ങള്‍ക്ക് ജൂനിയറായി നില്‍ക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. പങ്കുവെച്ച സീറ്റുകളുടെ എണ്ണം ആദിവാസി നേതാവിന് ഉറപ്പ് നല്‍കുന്നതുമായി, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് ഏറെ മുന്‍പ് തന്നെ ഇത് നടപ്പാക്കാനും സാധിച്ചു.
ഹേമന്ത് സോറനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചത് മുതല്‍ ബിജെപി മുഖ്യമന്ത്രി രഘുബര്‍ ദാസിന് വലിയ വെല്ലുവിളിയായി. ഇതോടൊപ്പം എജെഎസ്‌യുവിന്റെ വേര്‍പിരിയലും കൂടിയായതോടെ ബിജെപിക്ക് തലവേദന കൂടി. രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ സംസ്ഥാനത്ത് കോണ്‍ഗ്രസിന് നിലയുറപ്പിക്കാന്‍ ഇത് അവസരം നല്‍കി.
മഹാരാഷ്ട്രയില്‍ ശിവസേനയും, എന്‍സിപിയുമായി ചേര്‍ന്ന് അപ്രതീക്ഷിത സഖ്യം നിര്‍മ്മിച്ച ശേഷം ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് കോണ്‍ഗ്രസ് മറ്റൊരു സഖ്യസര്‍ക്കാരില്‍ അംഗമാകുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മോദി സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ ലഭിക്കുന്ന ആയുധമായി ഇത് മാറുകയും ചെയ്യും.