ന്യൂഡല്‍ഹി: ബാബറി മസ്ജിദ് വിഷയത്തില്‍ യാതൊരു തരത്തിലുമുള്ള വിട്ടുവിഴ്ചയ്ക്കും തയ്യാറല്ലെന്ന് ഷിയാ വ്യക്തിനിയമ ബോര്‍ഡ്. മുസ്‌ലീം പള്ളി മുന്‍പ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ പുതിയ പള്ളി നിര്‍മ്മിക്കണമെന്ന് വ്യക്തിനിയമ ബോര്‍ഡ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ബാബറി മസ്ജിദ് കേസില്‍ മേല്‍കോടതി പറയുന്നതല്ലാതെ മറ്റൊരു നീക്കത്തിനും തയ്യാറല്ലെന്ന് ഷിയാ വ്യക്തിനിയമ ബോര്‍ഡ് നേതാവ് മൗലാന യസൂബ് അസബ് അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മൗലാന യസൂബ് പറഞ്ഞു. ഇതിനായി മസ്ജിദ് വിഷയത്തെ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മൗലാന യസൂബ് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഉള്ളതല്ലെന്നും മൗലാന യസൂബ് പറഞ്ഞു. ഒന്‍പത് മുസ്‌ലീം പള്ളികള്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്‍കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി അഖിലേന്ത്യാ മുസ്‌ലീം വ്യക്തിനിയമബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. അതേസമയം, ഈ വിഷയത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ചിലരെന്നും ഇത്തരം നീക്കങ്ങള്‍ ജനങ്ങള്‍ക്കിടയിലെ സൗഹൃദം തകര്‍ക്കുമെന്നും കത്തിനെ അടിസ്ഥാനമാക്കി അഖിലേന്ത്യാ മുസ്‌ലീം വ്യക്തിനിയമബോര്‍ഡ് അംഗങ്ങള്‍ പ്രതികരിച്ചു.