പാര്‍ട്ടിക്കുവേണ്ടി ഉപമുഖ്യമന്ത്രി സ്ഥാനം ത്യജിക്കാന്‍ തയ്യാറെന്ന് ഒ പനീര്‍ശെല്‍വം

paneereselvam

ചെന്നൈ: എഐഎഡിഎംകെ യുടെ ക്ഷേമത്തിനായി ഉപമുഖ്യമന്ത്രി സ്ഥാനം ത്യജിക്കാന്‍ തയ്യാറാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലും വിജയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് കൊണ്ട് വന്ന അവിശ്വാസ പ്രമേയ നോട്ടീസിനോട് സഹകരിക്കരുതെന്ന് മുഖ്യമന്ത്രി പളനിസ്വാമിയ്ക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും ബിജെപിയില്‍ നിന്നും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുക എന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്.

ഇന്നു നടന്ന എഐഎഡിഎംകെ മീറ്റിംഗില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തന്നെയായിരുന്നു മുഖ്യ ചര്‍ച്ച വിഷയം. ‘ നമ്മള്‍ കൂടെ ഉള്ള എല്ലാ പാര്‍ട്ടികളോടുമൊപ്പം വിജയകരമായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ആരുടെയൊപ്പം ചേരണം എന്ന കാര്യം പ്രഖ്യാപിക്കും.’ പനീര്‍ശെല്‍വം പറഞ്ഞു.

Top