മഡ്രിഡ്: മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡ്, ബയേണ്‍ മ്യൂണിക് എന്നീ ടീമുകള്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. വമ്പന്‍ജയത്തോടെ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനലും നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. അതേസമയം, സമനിലയില്‍ കുരുങ്ങിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സാധ്യത തുലാസിലായി.
ഗ്രൂപ്പ് ബി.യില്‍ ലെന്‍സിനെ 6-0 ത്തിന് തകര്‍ത്താണ് ആഴ്സനല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. കെയ് ഹാവെര്‍ട്സ് (13), ഗബ്രിയേല്‍ ജെസ്യൂസ് (21), ബുകയോ സാഖ (23), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (27), മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് (45), ജോര്‍ജീന്യോ (പെനാല്‍ട്ടി-86) എന്നിവര്‍ ലക്ഷ്യംകണ്ടു. സെവിയയെ 3-2 ന് കീഴടക്കി ഡച്ച് ക്ലബ്ബ് പി.എസ്.വി. ഐന്തോവനും നോക്കൗട്ട് റൗണ്ടിലെത്തി. ഇസ്മയില്‍ സെയ്ബാറി (68), റിക്കോര്‍ട്ടോ പെപി (90) എന്നിവര്‍ ഐന്തോവനായി ഗോള്‍ നേടി. നെമഞ്ജ ഗുഡേല്‍ജിയുടെ സെല്‍ഫ് ഗോളും ടീമിന് ലഭിച്ചു. സെര്‍ജിയോ റാമോസ് (24), യൂസഫ് എന്‍ നസെരി (47) എന്നിവര്‍ സെവിയയുടെ ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ 10,000-ാം ഗോളാണ് റാമോസ് നേടിയത്.
3-1ന് ലീഡ് ചെയ്തശേഷമാണ് യുണൈറ്റഡ് കുരുങ്ങിയത്. ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാന വരുത്തിയ രണ്ട് അബദ്ധങ്ങള്‍ തിരിച്ചടിയായി. യുണൈറ്റഡിനായി ആലെസാന്‍ഡ്രോ ഗര്‍നാച്ചോ (11), ബ്രൂണോ ഫെര്‍ണാണ്ടസ് (18), സ്‌കോട്ട് മാക്ടോമിനെ (55) എന്നിവര്‍ ഗോള്‍ നേടി. ഹക്കിം സീയെച്ച് ഇരട്ടഗോള്‍ (29, 62) നേടി. മുഹമ്മദ് അക്തുര്‍ക് ഗോഗ്ലുവും (71) സ്‌കോര്‍ചെയ്തു. കോപ്പന്‍ ഹേഗന്‍ (അഞ്ച്), ഗളത്സരെ (നാല്), യുണൈറ്റഡ് (നാല്) ടീമുകളിലൊന്ന് നോക്കൗട്ട് റൗണ്ടിലെത്തും.ഗ്രൂപ്പ് സി.യില്‍ നാപ്പോളിയെ 4-2 ന് തകര്‍ത്താണ് റയല്‍ നോക്കൗട്ട് ബര്‍ത്തുറപ്പിച്ചത്. റോഡ്രിഗോ (11), ജൂഡ് ബെല്ലിങ്ഹാം (22), നിക്കോ പെസ് (84), ജോസലു (90+4) എന്നിവര്‍ ഗോള്‍ നേടി. ജിയോവാനി സിമിയോണി (ഒമ്പത്), ആന്ദ്രെ സാംബോ (47) എന്നിവര്‍ നാപ്പോളിക്കായി സ്‌കോര്‍ ചെയ്തു. ഗ്രൂപ്പിലെ മറ്റൊരുകളിയില്‍ ബ്രഗായും യൂണിയന്‍ ബെര്‍ലിനും സമനിലയില്‍ പിരിഞ്ഞു (1-1). ഒരു റൗണ്ട് അവശേഷിക്കെ റയലിന് 15 പോയന്റായി. നാപ്പോളി (ഏഴ്), ബ്രാഗ (നാല്), ബെര്‍ലിന്‍ (രണ്ട്) എന്നിങ്ങനെയാണ് പോയന്റ് നില.