പി എസ് ജി താരം കിലിയന്‍ എംബാപ്പെക്കായി റയല്‍ മാഡ്രിഡ് വീണ്ടും രംഗത്ത്. 120 ദശലക്ഷം നല്‍കി താരത്തെ റാഞ്ചാനാണ് നീക്കം. കരാര്‍ പുതുക്കുന്നതിനെ ചൊല്ലി പി എസ് ജിയുമായുള്ള തര്‍ക്കത്തിനു താല്‍കാലിക വിട നല്‍കി കളിക്കാനിറങ്ങിറയതായിരുന്നു കിലിയന്‍ എംബാപ്പെ. ടൊലീസോക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി പതിമൂന്നാം മിനിറ്റില്‍ ഗോളടിക്കുകയും ചെയ്തു.
ഇടക്കാല കരാറിന് സമ്മതിച്ചില്ലെങ്കില്‍ കളിപ്പിക്കില്ലെന്ന് പി എസ് ജി പ്രസിഡന്റ് ഭീഷണി മുഴക്കിയതോടെയാണ് എംബാപ്പെ വഴങ്ങിയത്. കരാര്‍ പുതുക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വന്‍ തുക മുടക്കി ക്ലബിലെത്തിച്ച എംബാപ്പെയെ വെറും കയ്യോടെ നഷ്ടപ്പെടുന്നത് തടയാനാണ് ഇടക്കാല കരാര്‍ പി എസ് ജി ആവശ്യപ്പെട്ടത്.
അതേസമയം എംബാപ്പെയെഈ സീസണില്‍ തന്നെ ക്ലബില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ്. 250 ദശലക്ഷം യൂറോ വരെയാണ് പി എസ് ജി എംബാപ്പെക്കായി ഇതുവരെ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇതിപ്പോള്‍ 150 ദശലക്ഷം യൂറോ വരെയായി കുറഞ്ഞിട്ടുണ്ട്. ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കുന്നതിന് മുമ്പായി ഓഗസ്റ്റ് 29നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ എംബാപ്പെക്കായുള്ള അവസാന ഓഫര്‍ റയല്‍ പി എസ് ജിക്ക് മുമ്പില്‍ വെക്കുമെന്നാണ് റിപ്പോര്‍ട്ട്. 120 മില്യണ്‍ യൂറോ ആയിരിക്കും എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്യുക.
എംബാപ്പെക്കായി 120 മില്യണ്‍ യൂറോ മുടക്കാന്‍ റയല്‍ ഡയറക്ടര്‍ ബോര്‍ഡും അനുമതി നല്‍കിയിട്ടുണ്ട്. ഇടക്കാല കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ അടുത്ത സീസണൊടുവില്‍ എംബാപ്പെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമെന്നതിനാല്‍ 120 മില്യണ്‍ യൂറോക്ക് തന്നെ എംബാപ്പെയെ നല്‍കാന്‍ പി എസ് ജി നിര്‍ബന്ധിതരാകുമെന്ന വിലയിരുത്തലിലാണ് റയല്‍.