മാഡ്രിഡ്: ലാ ലിഗയില്‍ തുടര്‍ച്ചയായ പതിനാറാം വിജത്തോടെ റയല്‍ മാഡ്രിഡ് എതിരാളികളായ ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പമെത്തി. എസ്പാനിയോളിനെ പരാജയപ്പെടുത്തിയാണ് റയല്‍ പതിനാറാം വിജയം ആഘോഷിച്ചത്.
ഈ സീസണില്‍ റയലിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ഈ ജയത്തോടെ റയല്‍ വീണ്ടും പോയിന്റ് പട്ടികയില്‍ ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്തേക്കു കയറി നാലു കളികളില്‍ 12 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സിലോന, ലാ പല്‍മാസ് എന്നിവരെക്കാള്‍ മൂന്നു പോയിന്റ് മുന്നില്‍.
കഴിഞ്ഞ സീസണില്‍ എസ്പന്യോളിനെ റയല്‍ 6-0നു തകര്‍ത്തപ്പോള്‍ അഞ്ചു ഗോളുകള്‍ റൊണാള്‍ഡോയുടെ ബൂട്ടില്‍നിന്നായിരുന്നു. ഇത്തവണ അസുഖംമൂലം റൊണാള്‍ഡോയ്ക്കു മത്സരം നഷ്ടമായി. അരക്കെട്ടിനേറ്റ പരുക്കില്‍നിന്നു മോചിതനാകാത്തതിനാല്‍ ബെയ്‌ലിനും കളിക്കാനായില്ല. ലൂക്കാസ് വാസ്‌ക്വെസ്, മാര്‍ക്കോ അസെന്‍സിയോ എന്നിവര്‍ക്കാണ് ഇതോടെ അവസരമൊരുങ്ങിയത്. രണ്ടുപേരും മുന്‍ എസ്പന്യോള്‍ താരങ്ങളാണെന്നതും ശ്രദ്ധേയം.
സിദാന്‍ പരിശീലകനായതിനുശേഷം സ്ഥിരം ഇലവനില്‍നിന്നു പുറത്തായ റോഡ്രിഗസും ടോണി ക്രൂസിനു പകരക്കാരനായി മിഡ്ഫീല്‍ഡില്‍ തിരിച്ചെത്തി. 2014 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ റോഡ്രിഗസ് അവസരം മുതലെടുത്തു. എസ്പന്യോള്‍ ഡിഫന്‍ഡറെ സമര്‍ഥമായി കബളിപ്പിച്ചു കടന്നുകയറി തൊടുത്ത ഷോട്ട് വലയില്‍.
കഴിഞ്ഞ വാരം ചാംപ്യന്‍സ് ലീഗില്‍ സ്‌പോര്‍ട്ടിങ്ങിനെതിരെ മത്സരത്തില്‍ പൂര്‍ണ ആരോഗ്യവാനല്ലെന്നു തോന്നിച്ചെങ്കിലും ബെന്‍സേമയ്ക്കും സിദാന്‍ അവസരം നല്‍കി. ആദ്യപകുതിയില്‍ ഒരുവട്ടം പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിളിച്ചതിന്റെ നിര്‍ഭാഗ്യം ഇടവേളയ്ക്കുശേഷം ബെന്‍സേമ തീര്‍ത്തു. തികവുറ്റൊരു ടീം മുന്നേറ്റത്തിനൊടുവില്‍ അസെന്‍സിയോയുടെ ലോ ക്രോസില്‍ ക്ലീന്‍ ഫിനിഷ്.
റയലിനു പുറമേ വിയ്യാറയല്‍, അത്‌ലറ്റിക് ബില്‍ബോവോ എന്നിവരും ഇന്നലെ ജയം കണ്ടു. സെല്‍റ്റ വിഗോ ഒസാസുനയോടു ഗോളില്ലാ സമനില വഴങ്ങി. മധ്യവരയ്ക്കടുത്തുനിന്നുള്ള തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ നിക്കോളോ സാന്‍സോണ്‍ മുദ്ര ചാര്‍ത്തിയ മത്സരത്തിലാണു വിയ്യാറയല്‍ റയല്‍ സോസിദാദിനെ 2-1നു തോല്‍പിച്ചത്. ബില്‍ബാവോ വലെന്‍സിയയെ 2-1നു മറികടന്നു.