റയല്‍ മാഡ്രിഡ് യുവതാരം ബ്രഹിം ഡയസ് മൊറോക്കന്‍ ദേശീയ ടീമില്‍ കളിക്കും

മാഡ്രിഡ്: റയല്‍ മാഡ്രിഡ് യുവതാരം ബ്രഹിം ഡയസ് മൊറോക്കന്‍ ദേശീയ ടീമില്‍ കളിക്കും. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഡയസിന്റെ അന്തിമ തീരുമാനം വന്നിരിക്കുന്നത്. ഡയസിനായി സ്പാനിഷ് ടീം അധികൃതര്‍ രംഗത്തുവരാത്ത സാഹചര്യത്തിലുമാണ് തീരുമാനം. 2018 മുതല്‍ ഡയസിനെ ടീമിലെത്തിക്കാന്‍ മൊറോക്ക ശ്രമങ്ങള്‍ നടത്തിയിരുന്നു.

2022ലെ ഖത്തര്‍ ലോകകപ്പില്‍ സെമി ഫൈനല്‍ കളിച്ച ടീമാണ് മൊറോക്കോ. എങ്കിലും യൂറോ കപ്പ് അടുത്തിരിക്കെ ഡയസിന്റെ തീരുമാനം വിമര്‍ശിക്കപ്പെടുന്നുണ്ട്. മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനൊപ്പം കളിക്കാന്‍ ഡയസ് കാത്തിരിക്കണമെന്നാണ് ഒരു വിഭാ?ഗം ഫുട്‌ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍.

ദക്ഷിണ സ്‌പെയ്‌നിലാണ് ഡയസിന്റെ ജനനം. താരത്തിന്റെ മാതാവ് സ്‌പെയിന്‍ സ്വദേശിയും പിതാവ് മൊറോക്ക സ്വദേശിയുമാണ്. സ്‌പെയിനിലാണ് ഡയസ് വളര്‍ന്നത്. അണ്ടര്‍ 17 യൂറോ കപ്പില്‍ 2016ലും 2017ലും സ്‌പെയിന്‍ ടീമില്‍ ഡയസ് കളിച്ചിരുന്നു. എങ്കിലും മൊറോക്കന്‍ ഫുട്‌ബോളിന്റെ വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ പിതാവിന്റെ രാജ്യത്തിനായി കളിക്കാന്‍ താരം തീരുമാനിച്ചു.

Top