അല്‍ എയ്ന്‍: നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി രണ്ടാം തവണയും ഫിഫ ലോകകപ്പ് ക്ലബ് ഫുട്‌ബോള്‍ കലാശപോരാട്ടത്തില്‍ പ്രവേശിച്ചു.
സെമിയില്‍ അല്‍ ജസീറയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ ഫൈനലില്‍ മാറ്റുരയ്ക്കാന്‍ യോഗ്യത നേടിയത്.
ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം രണ്ട് ഗോളുകള്‍ക്ക് തിരിച്ചടിച്ചായിരുന്നു റയലിന്റെ ഫൈനലിലേക്കുള്ള വിജയതേരോട്ടം.
41-ാം മിനിറ്റില്‍ റൊമാരീന്യോയുടെ ഗോളിലൂടെ അല്‍ ജസീറയാണ് മത്സരത്തില്‍ ആദ്യ ലീഡ് നേടിയത്.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷം കരുതലോടെയാണ് രണ്ടാം പകുതിയില്‍ റയല്‍ ഇറങ്ങിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോളിലൂടെ റയല്‍ സമനിലസ്വന്തമാക്കി.
ശേഷം, 81-ാം മിനിറ്റില്‍ ഗാരത് ബെയ്ല്‍ നേടിയ ഗോളിലൂടെ റയല്‍ വിജയഗോളും കരസ്ഥമാക്കി.
ബ്രസീലിയന്‍ ക്ലബ് ഗ്രെമിയോയാണ് ഫൈനലില്‍ റയലിനെതിരെ ബൂട്ടണിയുന്നത്.
മെക്‌സിക്കന്‍ ക്ലബ് സി.എഫ് പച്ചുക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഗ്രെമിയോ ഫൈനല്‍ സീറ്റുറപ്പിച്ചത്.
ലോക ക്ലബ് ഫുട്‌ബോളില്‍ റയലിന്റെ മൂന്നാം ഫൈനലാണിത്. നേരത്തെ രണ്ടു തവണയും റയല്‍ കിരീടം ചൂടിയിരുന്നു.
2014-16 വര്‍ഷങ്ങളിലായിരുന്നു അവരുടെ കിരീടനേട്ടം.