കൊച്ചി: ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ്സില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിന് മുന്നില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസെടുത്ത് ജില്ലാ കലക്ടര്‍. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനാണ് നടപടി. പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവനേക്കാള്‍ വില താരാരാധനയ്ക്കില്ലെന്ന് കളക്ടര്‍ എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു ടിവി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്ത് ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഘം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്ക് മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്ക് കഴിയില്ല. പേരറിയാവുന്ന നാല് പേരും, കണ്ടാലറിയാവുന്ന മറ്റ് 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്ക് കല്‍പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകും.