ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ഇന്ത്യയിലെ ജിടി ശ്രേണി വിപുലീകരിക്കുന്നു. റിയല്‍മി ജിടി നിയോ 2 ആണ് പുതുതായി ഇന്ത്യയിലെത്തുക. ലോഞ്ചിന് മുന്‍പായി റിയല്‍മി വെബ്സൈറ്റില്‍ പ്രത്യേകം പേജ് ആരംഭിക്കുകയും ഒപ്പം കമ്പനി ടീസര്‍ ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ജിടി നിയോ 2 ആണ് പുതുതായി എത്തുന്ന ഫോണ്‍ എന്ന് റിയല്‍മി പറയുന്നില്ല എങ്കിലും സൂചനകള്‍ വ്യക്തമാണ്.
മാത്രമല്ല റിയല്‍മി ജിടി നിയോ 2 കഴിഞ്ഞ മാസം ചൈന പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ, റിയല്‍മി ഇന്ത്യ സിഇഒ മാധവ് സേത്ത് ട്വിറ്ററില്‍ ഒരു പോള്‍ നടത്തിയിരുന്നു. സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍ ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പോളിന് പുറകേ ‘റിയല്‍മി ജിടി നിയോ 2 ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ തീരുമാനിച്ചു’ എന്ന് മാധവ് സേത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ഉടന്‍ വിപണിയിലെത്തുന്നത് റിയല്‍മി ജിടി നിയോ 2 ആണ് എന്ന സൂചന നല്‍കുന്നത്.
120Hz E4 അമോലെഡ് ഡിസ്‌പ്ലേയും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 SoC പ്രോസസറും തങ്ങളുടെ പുത്തന്‍ ഫോണിനുണ്ടാകും എന്ന് റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. ഇതേ ഡിസ്പ്ലേയും പ്രോസസറുമാണ് റിയല്‍മി ജിടി നിയോ 2വിന്.
8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ പ്രതീക്ഷിക്കുന്ന റിയല്‍മി ജിടി നിയോ 2 യൂറോപ്പില്‍ കറുപ്പ്, നീല, പച്ച നിറങ്ങളിലാണ് വില്പനക്കെത്തിയത്. ഇതേ നിറങ്ങളില്‍ ഇന്ത്യയിലും വില്പനക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 30,000 രൂപയ്ക്കടുത്ത് വില റിയല്‍മി ജിടി നിയോ 2ന് പ്രതീക്ഷിക്കാം.