കോംഗോയില്‍ വിമതരുടെ ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

ബെനി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ആയുധമേന്തിയ ഉഗാണ്ടന്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

വടക്കന്‍ കിവു പ്രവിശ്യയിലെ ബെനി നഗരത്തിലാണ് ആക്രമണമുണ്ടായത്. ഇതേത്തുടര്‍ന്നു വിമതരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി വടക്കന്‍ കിവുവിലെ ഗോമയില്‍ രാവിലെ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്.

ഉഗാണ്ടന്‍ സര്‍ക്കാറിനെതിരെ പോരാട്ടം നടത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ്(എഡിഎഫ്) ആണ് നഗരം ആക്രമിച്ചത്. ഇതേത്തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ നഗരം വിട്ടു.

ഒരാഴ്ച മുമ്പ് കോംഗോയില്‍ എഡിഎഫ് വിമതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു യുഎന്‍ സമാധാന പാലകര്‍ അടക്കം 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. എഡിഎഫിനെതിരെ സൈന്യവും യുഎന്‍ സേനയും നടപടി ശക്തമാക്കിയിരുന്നു.

Top