പതിനാല് കേസിലെ പ്രതി; മാര്‍ ആലഞ്ചേരിയെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണം: വിമത വൈദികര്‍

George Alencherry

കൊച്ചി: പതിനാല് കേസില്‍ പ്രതി ആയതിനാലും അതിരൂപതയിലെ സ്ഥാപനങ്ങളെയും വൈദികരെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ കഴിയാത്തതിനാലും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ബിഷപ്പ്സ് ഹൗസില്‍ ഉപവാസം നടത്തുന്ന വൈദികര്‍. അതിരൂപത സംരക്ഷണ സമിതിക്കു വേണ്ടി കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ തളിയന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ മാറ്റിനിര്‍ത്തി വത്തിക്കാനില്‍നിന്നുള്ള അപ്പസ്‌തോലിക നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് സിനഡ് യോഗം ചേരേണ്ടതെന്നും വൈദികര്‍ക്ക് പൊതുസമ്മതനായ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയക്ക് വേണ്ടി നിയമിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്‌സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തിപീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഹായമെത്രാന്‍മാരെ ഉടന്‍തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളും വൈദികര്‍ ഉന്നയിക്കുന്നുണ്ട്. ഇടവകകളിലെ വിശാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് തടസ്സം വരാതെയാണ് തങ്ങള്‍ പ്രാര്‍ഥന ഉപവാസം നടത്തുന്നതെന്നും മാര്‍പാപ്പയിലും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനിലും ഞങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്നും വിമത വൈദികര്‍ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

Top