മണിപ്പൂരില്‍ കലാപം തുടരുന്നു; പ്രശ്‌നമുണ്ടാക്കുന്നത് നുഴഞ്ഞ് കയറ്റക്കാരെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്

ദില്ലി: നുഴഞ്ഞു കയറ്റക്കാരാണ് മണിപ്പൂരില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ്.
മണിപ്പൂരില്‍ സമാധാന ശ്രമങ്ങളെല്ലാം വിഫലമാക്കി കലാപം ഇപ്പോഴും തുടരുകയാണ്. കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്റെ ഇംഫാലിലെ വസതിക്ക് അക്രമികള്‍ തീയിട്ടു. പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് രാജ് കുമാര്‍ രഞ്ജന്‍ സിംഗ് പ്രതികരിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും മണിപ്പൂരില്‍ അശാന്തി പടരുകയാണ്. സംസ്ഥാന വ്യവസായ മന്ത്രിയുടെ വസതി കത്തിച്ചതിന് പിന്നാലെ കേന്ദ്രസഹമന്ത്രിയുടെ ഇംഫാലിലെ വസതിക്ക് നേരെ കഴിഞ്ഞ രാത്രി ബോംബേറുണ്ടായി. വീടിന്റെ രണ്ട് നിലകള്‍ക്ക് കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരിക്കില്ല. സംഭവം നടക്കുമ്പോള്‍ മന്ത്രി കേരളത്തിലായിരുന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി മന്ത്രി മണിപ്പൂരിലേക്ക് തിരിക്കും. കഴിഞ്ഞ 26നും രാജ് കുമാര്‍ രഞ്ജന്റെ വീടിന് നേരം ആക്രമണം നടന്നിരുന്നു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. മണിപ്പൂരിലേത് വര്‍ഗീയ സംഘര്‍ഷമല്ലെന്നും സമാധാനം ഉടന്‍ പുനഃസ്ഥാപിക്കുമെന്നും മന്ത്രി രാജ് കുമാര്‍ രഞ്ജന്‍ പ്രതികരിച്ചു.

അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നെന്ന് വാര്‍ത്താ ഏജന്‍സിയോട് മന്ത്രി പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സാഹചര്യത്തെ കുറിച്ചുള്ള കേന്ദ്രസഹമന്ത്രിയുടെ പ്രതികരണം നേതൃത്വത്തെ വെട്ടിലാക്കുന്നതാണ്. അതേസമയം മെയ്തി കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലല്ല സംസ്ഥാനത്ത് നടക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.

ആയുധങ്ങളടക്കം പുറത്ത് നിന്നെത്തിച്ച് ഒരു സംഘം കലാപമുണ്ടാക്കുകയാണെന്നുമാണ് ബിരേന്‍ സിംഗ് വാദിക്കുന്നത്. ഇതിനിടെ, മണിപ്പൂരില്‍ നിന്നെത്തിയ പ്രതിനിധി സംഘത്തിന് ഇനിയും പ്രധാനമന്ത്രിയ കാണാനായിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണം സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുമാണ് പത്തംഗ സംഘത്തിന്റെ ആവശ്യം. കലാപം ഇത്രത്തോളം വഷളായിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുകയാണ്.

 

Top