റിയാദ്: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തെ തടുത്ത് സൗദി. സൗദി തലസ്ഥാനമായ റിയാദിലെ യമാമ കൊട്ടാരം ലക്ഷ്യമാക്കി യെമനിലെ ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പേ സൈന്യം തകര്‍ത്തു.
സൗദി ബജറ്റ് അവതരണത്തോടനുബന്ധിച്ച് യെമാമ കൊട്ടാരത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നവരെയാണു ഹൗതികള്‍ ലക്ഷ്യംവച്ചത്.
നവംബര്‍ നാലിന് റിയാദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈലും സൗദി തകര്‍ത്തിരുന്നു. അമേരിക്ക നല്‍കിയ അത്യാധുനിക പേട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു സൗദിയുടെ നീക്കം.
ഇന്നലത്തെ മിസൈല്‍ അപകടമൊന്നും വരുത്തിയില്ലെന്നും ആകാശത്തുവച്ചുതന്നെ തകര്‍ത്തെന്നും സൗദി അറിയിച്ചു. സ്‌ഫോടനശബ്ദം കേട്ടെന്നും ആകാശത്തു പുകപടലം കണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
യെമനിലെ ഹൂതി ഷിയാ വിമതര്‍ക്ക് ഷിയാ രാജ്യമായ ഇറാന്റെ പിന്തുണയുണ്ട്. ഇറാനില്‍നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ ഹൂതികള്‍ക്കു കിട്ടുന്നതെന്നു സൗദിയും അമേരിക്കയും ആരോപിക്കുന്നു.
യെമനിലെ അന്തര്‍ദേശീയ അംഗീകാരമുള്ള ഹാദി സര്‍ക്കാരിനെതിരേ തലസ്ഥാനമായ സനാ പിടിച്ച ഹൂതി ഷിയാകള്‍ പോരാട്ടം ആരംഭിച്ചിട്ട് നാളുകളായി. ഹാദിയെ തുണയ്ക്കാന്‍ സൗദി സഖ്യം നടത്തുന്ന വ്യോമാക്രമണത്തില്‍ നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.
യെമനില്‍ സൗദി നടത്തുന്ന ആക്രമണത്തിനു പ്രതികാരമായി സൗദിയിലെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ എന്നിവയ്‌ക്കെതിരേ ആക്രമണം നടത്തുമെന്നു ഹൂതികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.