ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇല്ല. എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാവാവസ്ഥയെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ ലാന്റ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ച് പതാക ഉയര്‍ത്തിയത്.
പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ ആവേശപ്പോരില്‍ അഞ്ച് ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടന്‍ വള്ളങ്ങള്‍ തുഴയും.
പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി പ്രേമികളുടെ ആവശത്തിമിര്‍പ്പിലാണ്. ആയിരക്കണക്കിന് ജനങ്ങളാണ് വള്ളംകളി കാണാനായി പുന്നമടക്കായലിന്റെ ഓരങ്ങളില്‍ കാത്ത് നില്‍ക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ അടക്കം വള്ളംകളി കാണാനെത്തിയിട്ടുണ്ട്. 2017 ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്.