പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച; പ്രതിപക്ഷം ദിവാസ്വപ്നം കാണുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച നിയസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി.സതീശന്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

പത്ത് മാസം കഴിഞ്ഞിട്ടും പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. പ്രളയ ബാധിതര്‍ക്ക് സഹായവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ പറയുന്നു.

നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്ന് ഇതിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അവര്‍ ദിവാസ്വപ്നം കാണുകയാണ്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്തവരാണ് ദിവാസ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയാനന്തര കേരള പുനര്‍ നിര്‍മ്മാണത്തില്‍ ഇതുവരെയും ഒരു തരത്തിലുള്ള വീഴ്ചകളും സംഭവിച്ചിട്ടില്ല. പ്രളയാനന്തര പുനഃനിര്‍മാണത്തിന് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും. നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയും ഒഴിവാക്കില്ല. വീടുകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നല്‍കും. പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കി വരുന്നു. റീ ബില്‍ഡ് കേരള കേവലമൊരു സര്‍ക്കാര്‍ സംവിധാനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top