മികച്ച സേവനത്തിനുള്ള അംഗീകാരം; ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് ബുള്ളറ്റ് സമ്മാനിച്ച് തോട്ടമുടമ

തമിഴ്‌നാട്: ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വാങ്ങിനല്‍കി കോത്തഗിരിയിലെ തോട്ടം ഉടമ. ശിവകാമി തേയിലത്തോട്ടം ഉടമ ശിവകുമാറാണു തൊഴിലാളികള്‍ക്ക് ബുള്ളറ്റ് സമ്മാനിച്ചത്. നീലഗിരി ജില്ലയിലാണ് ഈ തേയിലത്തോട്ടം സ്ഥിതിചെയ്യുന്നത്.

600 തൊഴിലാളികളാണു ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ ജോലി ചെയ്യുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 30 പേര്‍ക്കാണ് ഇരുചക്ര വാഹനം സമ്മാനിച്ചത്. വാച്ച്മാന്‍ മുതല്‍ മാനേജര്‍ വരെയുള്ളവരുടെ ഹിതം മനസ്സിലാക്കിയാണു സമ്മാനങ്ങള്‍ വാങ്ങി നല്‍കിയത്. 2.70 ലക്ഷം രൂപ വിലയുള്ള 2 എന്‍ഫീല്‍ഡ് ഹിമാലയന്‍ ബുള്ളറ്റുകള്‍, 2.45 ലക്ഷം രൂപ വിലയുള്ള 4 ബുള്ളറ്റ് ക്ലാസിക്, 2 ലക്ഷം രൂപ വിലയുള്ള 7 ബുള്ളറ്റ് ഹണ്ടറുകള്‍, 1.20 ലക്ഷം രൂപ വിലയുള്ള 15 യമഹ സ്‌കൂട്ടറുകള്‍ എന്നിവയാണു നല്‍കിയത്. ബാക്കിയുള്ള തൊഴിലാളികള്‍ക്ക് സ്മാര്‍ട് ടിവി, മിക്‌സി, ഗ്രൈന്‍ഡര്‍ തുടങ്ങിയവയും പണവുമെല്ലാം ബോണസായി നല്‍കി.

നേരത്തെ തന്റെ യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ദീപാവലി ദിനത്തില്‍ കുമാര്‍ വീട്ടുപകരണങ്ങളും ക്യാഷ് ബോണസും സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം അവരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് ജീവനക്കാര്‍ക്ക് ബുള്ളറ്റുകള്‍ സമ്മാനമായ് നല്‍കിയത്.

Top