മദ്യക്കയറ്റുമതിക്ക് ഇളവുകൾ നൽകാൻ ശുപാർശ;അന്തിമ തീരുമാനം എക്‌സൈസുമായി കൂടിയാലോചനയ്ക്ക് ശേഷം

സംസ്ഥാനത്ത് നിന്നുള്ള മദ്യക്കയറ്റുമതിക്ക് അബ്കാരി ചട്ടങ്ങളിൽ ഇളവ് നൽകാൻ വിദഗ്ധസമിതി ശുപാർശ. കയറ്റുമതി സാധ്യതകൾ പഠിച്ച കേരള വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) എം.ഡി എസ്. ഹരികിഷോർ ചെയർമാനായ സമതിയാണ് ഇളവിന് നിർദേശിച്ചിട്ടുള്ളത്.

എക്‌സൈസുമായി കൂടിയാലോചിച്ച് മാത്രമേ ഇതിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു. മദ്യകയറ്റുമതിയുടെ വ്യവസായ സാധ്യത മാത്രമാണ് സമിതി പരിശോധിച്ചിട്ടുള്ളത്. നിലവിലുള്ള നിയമങ്ങളിൽ ചില ഇളവുകൾ നൽകിയാൽ കയറ്റുമതി വർധിപ്പിക്കാൻ കഴിയുമെന്ന് സമിതി നിർദേശിക്കുന്നു.

കയറ്റുമതി ചെയ്യാനുള്ള ഇന്ത്യൻനിർമിത വിദേശമദ്യത്തിന് ലേബൽ, ബ്രാൻഡ് രജിസ്‌ട്രേഷൻ എന്നിവ ഒഴിവാക്കണമെന്നതാണ് സമതിയുടെ പ്രധാനപ്പെട്ട ശുപാർശകളിലൊന്ന്. ഇതര സംസ്ഥാന ഡിസ്റ്റലറികൾക്ക് കേരളത്തിനുള്ളിലെ ഡിസ്റ്റലറികളിൽ അവരുടെ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്. ഇതിൽ മാറ്റം വരുത്തുകയും, ഡിസ്റ്റലറികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും മദ്യം നിർമിക്കാൻ അനുമതി നൽകണമെന്നാണ് സമിതിയുടെ ശുപാർശ.

പുതിയ ബ്രാൻഡുകൾ വരുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം കൂടുമെന്ന് സമിതി പറയുന്നു. 17 ഡിസ്റ്റലറികളാണ് സംസ്ഥാനത്തുള്ളത്. ഇവയുടെ 55 ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. കൂടുതൽ സംരംഭകർക്ക് അവസരം നൽകാവുന്നതാണെന്ന് സമിതി പറയുന്നു.

കയറ്റുമതിക്ക് അനുയോജ്യമായ വിധത്തിൽ ലേബലിൽ മാറ്റം വരുത്താൻ ഉത്പാദകർക്ക് അനുമതി നൽകാനും സമിതി ശുപാർശ ചെയ്യുന്നു. ഇപ്പോൾ മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് കൊണ്ടുപോകുമ്പോൾ എക്‌സൈസ് അകമ്പടി നിർബന്ധമാണ്. വാഹനങ്ങൾക്ക് ജി.പി.എസ് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഇതൊഴിവാക്കാമെന്ന് സമിതി നിർദേശിക്കുന്നു. സ്പിരിറ്റ് പരിശോധനയ്ക്ക് കൂടുതൽ ലാബുകൾ പാലക്കാട്, തൃശൂർ, കോട്ടയം എന്നിവടങ്ങളിൽ തുടങ്ങണമെന്നും സമിതി നിർദേശിക്കുന്നു.

Top