ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: ഓണക്കാലത്ത് തിരക്കൊഴിവാക്കാന്‍ ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയില്‍. രാവിലെ 9 മുതല്‍ 7 വരെ ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് രണ്ടു സ്ഥാപനങ്ങളുടെയും ആവശ്യം. എക്‌സൈസ് വകുപ്പിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നിര്‍ദേശങ്ങള്‍ ഉടനെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനിടയില്ല.

തിരക്ക് ഒഴിവാക്കാന്‍ ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നതും ബെവ്ക്യൂ ആപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതും അടക്കം നിരവധി സാധ്യതകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബെവ്ക്യൂ ആപ്പില്‍ മദ്യം ബുക്ക് ചെയ്യാനുള്ള ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആപ് നിര്‍മിച്ച കമ്പനി പറയുന്നു.

ഇപ്പോള്‍ ഒരു തവണ മദ്യം ബുക്കു ചെയ്താല്‍ മൂന്നാമത്തെ ദിവസമേ വീണ്ടും ബുക്ക് ചെയ്യാന്‍ കഴിയൂ. തുടക്കത്തില്‍ ഇതു അഞ്ചാമത്തെ ദിവസമായിരുന്നു. ഓണക്കാലത്ത് എല്ലാദിവസവും ആപ്പിലൂടെ മദ്യം ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് ആലോചിക്കുന്നത്.

2 ലക്ഷത്തില്‍ താഴെ ടോക്കണുകളാണ് സാധാരണ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നത്. അവധി ദിവസങ്ങള്‍ക്ക് മുന്‍പ് 3 ലക്ഷംവരെ ടോക്കണുകള്‍ വിതരണം ചെയ്യുന്നുണ്ട്. 1.60 കോടി ഉപഭോക്താക്കളാണ് ബെവ്ക്യൂ ആപ്പിനുള്ളത്. ഒരു മദ്യ ഷോപ്പിനു ദിവസേന 400 ടോക്കണുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.

ആപ്പില്‍ രേഖപ്പെടുത്തുന്ന പിന്‍കോഡിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഷോപ്പാണ് ആപ് നിര്‍ദേശിക്കുന്നത്. ബവ്‌കോയുടെ 267 ഔട്ട്‌ലറ്റുകളില്‍ ഒരു ദിവസം ശരാശരി 22 കോടിരൂപ മുതല്‍ 32 കോടി വരെയുള്ള കച്ചവടമാണ് നടക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ പ്രതിദിന വില്‍പ്പന ശരാശരി 6 കോടി. 36 മദ്യഷോപ്പുകളും 3 ബീയര്‍ പാര്‍ലറുമാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.

Top