തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച കെ.മോഹന്‍ ദാസ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകിനും കൈമാറിയത്. ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുക വഴി സര്‍ക്കാരിന് 4810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2019 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവര്‍ധനവും നല്‍കാം. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയര്‍ത്തമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.
ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ് അനുവദിക്കാനാണ് ശമ്പള പരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.
വില്ലേജ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ അലവന്‍സ് നല്‍കാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്ത് ദിവസത്തില്‍ നിന്നും 15 ദിവസമായി ഉയര്‍ത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ദത്തെടുക്കുന്നവര്‍ക്കും ഇനി മുതല്‍ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വര്‍ഷത്തെ അവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കാനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.
#