മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ തന്നെ സൂചികകളില്‍ റെക്കോഡ് കുതിപ്പ്. ആഗോള വിപണികളിലെ നേട്ടമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 433.40 പോയന്റ് നേട്ടത്തില്‍ 61,739 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 132 പോയന്റ് ഉയര്‍ന്ന് 18,470 ലുമെത്തി. വൈകാതെതന്നെ നിഫ്റ്റി 18,500 പിന്നിടുകയും ചെയ്തു.
സെന്‍സെക്‌സ് ഓഹരികളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ടുശതമാനത്തോളം കുതിച്ച് 1,720 രൂപ നിലവാരത്തിലെത്തി. മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ഓഹരി നേട്ടമാക്കിയത്. ഹിന്‍ഡാല്‍കോ (4.82%), ഒഎന്‍ജിസി (8%), ഐഒസി (2.46%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (3.48%), ടാറ്റ സ്റ്റീല്‍ (1.78%) തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്, ഡിവിസ് ലാബ്‌സ്, സിപ്ല, ഡോ.റെഡീസ് ലാബ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളെല്ലാം ലാഭത്തിലാണ്. ലോഹ സൂചിക 3 ശതമാനവും പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനം വീതം ഉയര്‍ന്നു.
പുറത്തുവരാനിരിക്കുന്ന സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലങ്ങളാകും പ്രധാനമായും ഈയാഴ്ച വിപണിയെ ചലിപ്പിക്കുക. അതുകൊണ്ടുതന്നെ ബാങ്ക് ഓഹരികളാകും വരുദിവസങ്ങളില്‍ ശ്രദ്ധാകേന്ദ്രം.