ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന കാര്‍ ബുക്കിങ്ങുകള്‍ സ്വന്തമാക്കി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. 71,641 യൂണിറ്റുകളാണ് സെപ്റ്റംബര്‍ മാസത്തിലെ ബുക്കിങ്. കയറ്റുമതി കൂടാതെ ആഭ്യന്തര വിപണിയില്‍ 54,241 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. ഇത് കഴിഞ്ഞ വര്‍ഷം വിറ്റ 49,700 യൂണിറ്റുകളേക്കാള്‍ 9.13% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
പുതുതായി പുറത്തിറക്കിയ എക്സ്റ്ററിന് അസാധാരണമായ ഉപഭോക്തൃ പ്രതികരണമാണ് ലഭിക്കുന്നത്. കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയില്‍ എസ്.യു.വികളുടെ സംഭാവന 65 ശതമാനത്തിലധികമാണെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ സിഇഒ തരുണ്‍ ഗാര്‍ഗ് പിടിഐയോട് പറഞ്ഞു. അടുത്തിടെ അവതരിപ്പിച്ച മൈക്രോ എസ്.യു.വി എക്സ്റ്ററിനായി കമ്പനി 80,000 ബുക്കിങ്ങുകള്‍ നേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപണിയില്‍ കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും ഇടത്തരം എസ്.യു.വി വിഭാഗത്തില്‍ ക്രെറ്റ മുന്നിട്ട് നില്‍ക്കുന്നതായി ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന പലിശനിരക്കും വിപണിയിലെ പണപ്പെരുപ്പവും പോലുള്ള വിവിധ വെല്ലുവിളികള്‍ക്കിടയിലും ഈ വര്‍ഷത്തെ വാഹന വില്‍പ്പന മികച്ച രീതിയിലാണ് മുന്‍പോട്ട് പോകുന്നതെന്ന് കമ്പനി പറയുന്നു. 2023 സെപ്റ്റംബറില്‍ കമ്പനിയുടെ കയറ്റുമതി 28.87% ഉയര്‍ന്ന് 17,400 യൂണിറ്റിലെത്തിയിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ 13,501 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയോടെ ഈ വര്‍ഷം അവസാനിക്കുമെന്നാണ് പ്രതീക്ഷ.