ടെഹ്‌റാന്‍: ഇറാനില്‍ തകര്‍ന്ന് വീണ ഉക്രൈനിയന്‍ വിമാനം വെടിവച്ചിട്ടത് സ്വന്തം സൈന്യം തന്നെയാണ് എന്ന വിവരം ഇറാന് ലഭിച്ചിരുന്നുവെന്നതിന് തെളിവ് പുറത്ത്. മറ്റൊരു വിമാനത്തിലെ ഇറാനിയന്‍ പൈലറ്റ്, വിമാനത്തിന് നേരെ മിസൈലാക്രമണം നടക്കുന്നുവെന്ന് പരിഭ്രാന്തിയോടെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് നല്‍കിയ സന്ദേശം യുക്രൈന്‍ സര്‍ക്കാരും മാധ്യമങ്ങളും പുറത്തുവിട്ടു.
വിമാനം വെടിവച്ചത് ഇറാനിയന്‍ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡ്‌സ് ആണെന്ന് ആദ്യം ഇറാന്‍ നിഷേധിച്ചിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മാത്രമാണ് ഇത് ഇറാന്‍ സ്വന്തം കയ്യില്‍ നിന്ന് പറ്റിയ തെറ്റാണെന്ന് തുറന്ന് സമ്മതിച്ചത്. ജനുവരി 8-ാം തീയതിയാണ് യുക്രൈനിന്റെ ബോയിംഗ് 737 വിമാനം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണത്.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. മരിച്ച 176 പേരില്‍ ഭൂരിപക്ഷവും ഇറാനിയന്‍ പൗരന്‍മാര്‍ തന്നെയായിരുന്നു എന്നത് ജനരോഷം ഇരട്ടിയാക്കുമെന്ന് ഭരണകൂടം ഭയന്നു. അപ്പോഴും യുക്രൈനും കാനഡയും യുകെയുമടക്കമുള്ള വിദേശരാജ്യങ്ങള്‍ സ്വന്തം പൗരന്‍മാര്‍ കൊല്ലപ്പെട്ടതിന് ഇറാന്‍ വിശദീകരണം നല്‍കിയേ തീരൂ എന്നും അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
ആദ്യം സാങ്കേതികത്തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്ന് പറഞ്ഞുകൊണ്ടിരുന്ന ഇറാന്‍ അന്വേഷണത്തിനായി വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കൈമാറാനാകില്ലെന്ന് പറഞ്ഞു. ഇതോടെ സമ്മര്‍ദ്ദം ഇരട്ടിയായി. ഒടുവില്‍ നിവൃത്തിയില്ലാതെ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി വിമാനം വെടിവച്ചിട്ടത് സ്വന്തം സൈന്യമാണ് നേരിട്ട് സമ്മതിച്ചു.
യുക്രൈനിയന്‍ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന ഫോക്കര്‍ 100 ജെറ്റ് വിമാനത്തിലെ ഇറാനിയന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നല്‍കിയ സന്ദേശമാണ് യുക്രൈനിയന്‍ ചാനലായ 1+1 ടിവി ചാനല്‍ പുറത്തുവിട്ടത്.