തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമ്പത് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോട് തുടങ്ങിയ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയത്തിനുള്ള മുന്നറിയിപ്പ് 11 ജില്ലകളില്‍ നല്‍കിയിട്ടുണ്ട്. മഴ ശക്തമാകുന്നതിനൊപ്പം അണക്കെട്ടുകളും തുറക്കുന്നതിനാല്‍ ജനങ്ങള്‍ വളരെയധികം ആശങ്കയിലാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം മഴക്കെടുതിയില്‍ 22 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
കേരളതീരത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുളള കാറ്റ് ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നു മുതല്‍ മൂന്നര മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാവുമെന്നതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും പലരും ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ് ഉള്ളത്.
വെള്ളപ്പൊക്കത്തിലും മറ്റും കുടുങ്ങിക്കിടക്കുന്നവരും ഒറ്റപ്പെട്ടു കിടക്കുന്നവരും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
1. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവര്‍ മൊബൈല്‍ ഉള്ളവരെ കൊണ്ട് എസ്ടിഡി കോഡ് ചേര്‍ത്ത് ദുരന്ത നിവാരണ ഹെല്‍പ്പ്ലൈന്‍ നമ്പറായ 1077 ലേക്ക് വിളിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്ന് വേണം വിളിക്കേണ്ടത്. അവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുകയും ചെയ്യും.
2. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്.
3. പ്രളയസാധ്യത ഉള്ളിടങ്ങളില്‍ കഴിയുന്നവര്‍ റേഡിയോ, ടിവി, സോഷ്യല്‍ മീഡിയ അറിയിപ്പുകള്‍ ശ്രദ്ധിക്കുക.
4. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
5. കുടുങ്ങി കിടക്കുന്നവര്‍ മൊബൈലില്‍ ‘ലൊക്കേഷന്‍’ ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്നു നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് ഫ്‌ലാഗ് വരും, കൂടെ മുകളില്‍ കുറച്ച് അക്കങ്ങളും. അതാണു നിങ്ങള്‍ ഉള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം (coordinates), ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുക. ഈ അവസ്ഥയില്‍ വിലാസം നല്‍കുന്നതിനെക്കാളും ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്ക് മെസേജ് അയക്കുക.
6. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവര്‍ വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. കൈയ്യിലുള്ള ഭക്ഷണം പരമാവധി സമയത്തേക്ക് ഉപയോഗിക്കുക. പാകം ചെയ്യുന്ന ഭക്ഷണത്തെക്കാള്‍ ബിസ്‌കറ്റ് പോലുള്ള പാക്കറ്റ് ഫുഡ് കഴിക്കാന്‍ ശ്രമിക്കുക. ഉണക്കമുന്തിരി, ഈന്തപ്പഴം പോലുള്ള ഡ്രൈഫ്രൂട്സ് കയ്യിലുണ്ടെങ്കില്‍ ഏറെ നല്ലതാണ്. അവ ഒപ്പമുള്ള എല്ലാം അംഗങ്ങള്‍ക്കുമായി വീതിച്ചു കൈവശം സൂക്ഷിക്കാന്‍ നല്‍കുക.
7. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവര്‍ ഈ സമയം ധൈര്യം കൈവിടരുത്. ആത്മവിശ്വാസം കൈവിടാതിരിക്കാന്‍ ശ്രമിക്കുക
പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 9446568222 സ്റ്റേറ്റ് ടോള്‍ ഫ്രീ നമ്പര്‍ 1070, ജില്ലാ ടോള്‍ ഫ്രീ നമ്പര്‍ 1077 സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 04712331639, 23333198 കാസര്‍കോട്: 9446601700, 0499-4257700 കണ്ണൂര്‍: 9446682300, 0497-2713266 വയനാട്: 9446394126, 04936-204151 കോഴിക്കോട്: 9446538900, 0495-2371002 മലപ്പുറം: 9383463212, 0483-2736320 പാലക്കാട്: 8301803282, 0491-2505309 തൃശ്ശൂര്‍: 9447074424, 0487-2362424 എറണാകുളം: 7902200400, 0484-2423513 ഇടുക്കി: 9383463036, 0486-2233111